ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടക്കുന്ന ടിക്രി അതിര്‍ത്തിയില്‍ യുവതി പീഡനത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയില്‍. 25കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മൂന്ന് പേരെ പോലീസ് പിടികൂടിയത്. പരാതി ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് പ്രതികള്‍ പോലീസിന്റെ പിടിയിലായത്.
കേസിലെ പ്രധാന പ്രതിയായ അനില്‍ മാലിക് എന്നയാളാണ് ആദ്യം പിടിയിലായത്. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. ഈ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അനൂപ് ചിനൗത്, അങ്കുഷ് സാംഗ്‌വാന്‍ എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേര്‍.
അനില്‍ മാലിക്കാണ് യുവതിയെ ആദ്യം പീഡിപ്പിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ബഹദൂര്‍ഗഡ് ഡിഎസ്പി പവന്‍ ശര്‍മ്മ പറഞ്ഞു. പശ്ചിമ ബംഗാളില്‍ നിന്നും പ്രതിഷേധത്തില്‍ പങ്കെടുക്കാനായെത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്. പിന്നീട് യുവതി കോവിഡ് ബാധിതയാകുകയും ഏപ്രില്‍ 30ന് മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവതിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്.
Post Your Comments