പരാഗ്വെ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് ജയം. പരാഗ്വെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തായിരുന്നു കാനറിപ്പടയുടെ ജയം. പരാഗ്വെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ബ്രസീൽ ലീഡെടുത്തു. സൂപ്പർതാരം നെയ്മറാണ് ബ്രസീലിനായി ഗോൾ നേടിയത്. മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജെസ്യുസ് നൽകിയ പാസിൽ നിന്നായിരുന്നു നെയ്മർ പരാഗ്വെയുടെ വല കുലുക്കിയത്.
മത്സരത്തിന്റെ രണ്ടാം പകുതിയുടെ എക്സ്ട്രാ ടൈമിൽ ബ്രസീൽ ലീഡുയർത്തി വിജയമുറപ്പിച്ചു. മധ്യനിര താരം ലൂക്കാസ് പക്വേറ്റയാണ് രണ്ടാം ഗോൾ നേടിയത്. നെയ്മാറാണ് ബ്രസീലിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. അതേസമയം, കൊളംബിയോട് അവസാന മിനിറ്റിൽ ഗോൾ വഴങ്ങി അർജന്റീന ഒരിക്കൽ കൂടി സമനിലയിൽ കുടുങ്ങി. കൊളംബിയക്കെതിരെ ആദ്യ എട്ട് മിനിറ്റിനുള്ളിൽ തന്നെ രണ്ട് ഗോൾ നേടി ലീഡെടുത്ത ശേഷമാണ് അർജന്റീന സമനില വഴങ്ങിയത്.
Read Also:- യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇനി 2 നാൾ
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ റൊമേറോയും എട്ടാം മിനിറ്റിൽ ലിയാൻഡ്രോ പരേഡസുമാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. 51-ാം മിനിറ്റിൽ ലൂയിസ് മ്യുറിയലും മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ മിഗ്വേൽ ബോർജയുമാണ് കൊളംബിയക്കായി ഗോൾ നേടിയത്. യോഗ്യത റൗണ്ടിൽ ആറ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അർജന്റീന.
Post Your Comments