മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എട്ട് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനും നാലുപേരേ മുംബൈ അംബോലി പോലീസ് അറസ്റ്റ് ചെയ്തു.പെൺകുട്ടിയെ പീഡിപ്പിച്ചതിന് അയൽക്കാരനെയും ഇയാളുടെ ഭാര്യയെയുമാണ് പോലീസ് പിടികൂടിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ബന്ധുക്കളായ രണ്ടുപേരെയും പിടികൂടിയിട്ടുണ്ട്. അന്ധേരി സ്വദേശിയും ജൂനിയർ കോളേജ് വിദ്യാർഥിനിയുമായ 16-കാരിയാണ് എട്ട് വർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്.
അയൽക്കാരനാണ് പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചിരുന്നത്. ലൈംഗികാസക്തി വർധിക്കാനുള്ള മരുന്ന് കുത്തിവെച്ചും ഇത്തരത്തിലുള്ള ഗുളികകൾ നിർബന്ധിച്ച് നൽകിയുമാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് പരാതി. എന്നാൽ ഇത് ലഹരി വസ്തുക്കളാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ഭാര്യയുടെ അറിവോടെയായിരുന്നു ഇതെല്ലാം നടന്നിരുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും ഇവർ പകർത്തിയിരുന്നു.
വിവരം പുറത്തുപറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ എട്ടുവർഷമായി പീഡനം തുടർന്നിരുന്നതായാണ് പെൺകുട്ടിയുടെ മൊഴി. നിരന്തരമായ ഉപയോഗം കാരണം ലൈംഗികാസക്തി വർധിപ്പിക്കാനുള്ള ചില മരുന്നുകൾക്ക് പെൺകുട്ടി അടിമപ്പെട്ടിരുന്നു. ക്രമേണ ഇത് പെൺകുട്ടിയെ വിഷാദത്തിലേക്ക് തള്ളിവിട്ടു. ഇതിനിടെയാണ് സഹായം തേടി ഉത്തർപ്രദേശിലുള്ള കസിനെ ബന്ധപ്പെട്ടത്. തുടർന്ന് ബന്ധുവായ 19-കാരൻ പെൺകുട്ടിയെ ഉത്തർപ്രദേശിലേക്ക് കടത്തിക്കൊണ്ടുപോവുകയും ഇരുവരും തമ്മിൽ പ്രണയത്തിലാവുകയുമായിരുന്നു.
ഇതിനിടെ ഇവരുടെ വിവാഹം നടത്താൻ 19-കാരന്റെ പിതാവ് തീരുമാനിച്ചു. പെൺകുട്ടിയെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് പെൺകുട്ടിയുടെ കുടുംബത്തിൽനിന്ന് കൂടുതൽ പണം വാങ്ങാമെന്നായിരുന്നു ഇയാളുടെ കണക്കുക്കൂട്ടൽ. എന്നാൽ പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയതോടെ ഇയാളടക്കം കുടുങ്ങുകയായിരുന്നു. കഴിഞ്ഞദിവസം അമേഠിയിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തുകയും ചെയ്തു. ഇവിടെനിന്നാണ് പെൺകുട്ടിയുടെ ബന്ധുവായ 19-കാരനെയും ഇയാളുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയിൽനിന്ന് 27 പേജുകളുള്ള ഒരു കുറിപ്പ് കണ്ടെടുത്തതോടെയാണ് അയൽക്കാരന്റെ പീഡനവിവരം പുറത്തറിയുന്നത്. താൻ ഇത്രയുംകാലം അനുഭവിച്ച പീഡനങ്ങളാണ് മാതാപിതാക്കൾക്കായി എഴുതിയ ഈ കുറിപ്പിൽ പെൺകുട്ടി വിശദീകരിച്ചിരുന്നത്. തുടർന്ന് പോലീസ് സംഘം ഇതേക്കുറിച്ച് മൊഴിയെടുക്കുകയും അയൽക്കാരായ ദമ്പതിമാരെ പിടികൂടുകയുമായിരുന്നു. അതേസമയം, തങ്ങൾക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ ദമ്പതിമാർ നിഷേധിച്ചിട്ടുണ്ട്. നാല് പ്രതികളും നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.
Post Your Comments