ന്യൂഡല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ വാക്‌സിന്‍ വിതരണ നയത്തിന് ഏകദേശം 50,000 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് ചിലവ് വരുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. നിലവിൽ പ്രഖ്യാപിച്ച വാക്‌സിന് വേണ്ട ഫണ്ട് കേന്ദ്രത്തിന്റെ പക്കലുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോള്‍ മറ്റു ധനസഹായങ്ങൾ തേടേണ്ട കാര്യമില്ലെന്നും, വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്‍പ് രണ്ടാം ഘട്ടത്തില്‍ മാത്രം ചിലപ്പോൾ ഫണ്ട് കണ്ടെത്തേണ്ടി വരുമെന്നും ധനകാര്യമന്ത്രാലയം പറയുന്നു.
Also Read:മെഹുല്‍ ചോക്‌സിയുടെ വാദം തളളി യുവതി, അയാള്‍ സമ്മാനിച്ച വജ്ര മോതിരങ്ങളും ബ്രേസ്ലറ്റും വ്യാജം
വാക്‌സിനുകള്‍ക്കായി ഇപ്പോൾ നിലവിൽ വിദേശവാക്‌സിന്‍ കമ്പനികളെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ഭാരത് ബയോടെക്, സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നീ കമ്പനികളില്‍ നിന്ന് വാക്‌സിനെത്തിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിദേശ വാക്സിനുകളിൽ നിലനിൽക്കുന്ന തർക്കങ്ങളാണ് അവ ഇന്ത്യയിലേക്കെത്തിക്കാൻ തടസ്സമാകുന്നത്. അടുത്ത ജനുവരി വരെ മൊഡേണയ്‌ക്ക് ഇന്ത്യയില്‍ വരാന്‍ പദ്ധതിയൊന്നുമില്ല. ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍, സെറം തയ്യാറാക്കിയ ഇന്ത്യയുടെ കൊവിഷീല്‍ഡ്, റഷ്യയുടെ സ്‌പുട്‌നിക്ക് 5 എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന വാക്‌സിനുകള്‍. ഇതില്‍ സ്‌പുട്‌നിക്ക് വളരെ കുറവ് എണ്ണമേ നല്‍കുന്നുളളു.
ഹൈദരാബാദിലെ ബയോളജിക്കല്‍-ഇ കമ്പനിയുടെ വാക്‌സിന്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇവയ്‌ക്കായി 1500 കോടി രൂപയുടെ 30 കോടി ഡോസുകള്‍ സര്‍ക്കാര്‍ ബുക്ക് ചെയ്‌ത് കഴിഞ്ഞു. തിങ്കളാഴ്ചയാണ് വാക്‌സിൻ സൗജന്യമായി നൽകാൻ സർക്കാർ തീരുമാനിച്ചത്. പ്രധാനമന്ത്രി നേരിട്ടായിരുന്നു അത് ജനങ്ങളിലേക്ക് പങ്കുവച്ചത്.
Post Your Comments