പാരിസ് : ഡിജിറ്റൽ പരസ്യ മേഖലയിലെ വിപണി മര്യാദകൾ ലംഘിച്ചതിന് ഗൂഗിളിന് 26.8 കോടി ഡോളർ (ഏകദേശം 1950 കോടി രൂപ) പിഴയിട്ട് ഫ്രഞ്ച് കോംപറ്റീഷൻ അതോറിറ്റി. ഡിജിറ്റൽ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗിൾ ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി 2019ൽ റൂപർട് മര്‍ഡോക്കിന്റെ കീഴിലുള്ള ന്യൂസ് കോര്‍പ്, ഫ്രഞ്ച് പത്രമായ ലെ ഫിഗരോ, ബെല്‍ജിയന്‍ മാധ്യമ സ്ഥാപനമായ റൊസല്‍ എന്നിവ നല്‍കിയ പരാതിയിലാണ് ഉത്തരവ് ഇപ്പോള്‍ പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
ഗൂഗിള്‍ സ്വന്തമായി പരസ്യ പ്ലാറ്റ് ഫോമുകൾക്ക് ആനുപാതികമല്ലാത്ത മുന്‍ഗണന നല്‍കിയെന്ന് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി മറ്റ് പരസ്യ പ്ലാറ്റ് ഫോമുകളുടെയും അവയുടെ പരസ്യം വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്പുകളില്‍ നല്‍കുന്ന മാധ്യമ സ്ഥാപനങ്ങളുടെയും സാധ്യത അടയ്ക്കുന്നു എന്നാണ് കണ്ടെത്തലില്‍ പറയുന്നത്.
ഉത്തരവിനനുസരിച്ച് പ്രവർത്തനരീതിയിൽ മാറ്റം വരുത്തുമെന്നാണ് ഗൂഗിളിന്റെ പ്രതികരണം. 2019 ഡിസംബറിൽ ഫ്രാൻസിൽ സമാനമായ കേസിൽ ഗൂഗിളിന് 150 മില്യൻ യൂറോ പിഴചുമത്തിയിരുന്നു. 2018ൽ വിപണി മര്യാദകൾ ലംഘിച്ചതിനു ഗൂഗിൾ 34,500 കോടി രൂപ പിഴ നൽകണമെന്നു യൂറോപ്യൻ കമ്മിഷൻ നിർദേശിച്ചിരുന്നു.
Post Your Comments