കോട്ടയം: മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫീസറെ കാണാതായി. കങ്ങഴ സ്വദേശി എന്‍. പ്രകാശനാണ് പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചങ്ങനാശേരി വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറാണ് പ്രകാശന്‍.
ഉച്ചയോടെയാണ് പ്രകാശന്‍ മണിമലയാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ ചങ്ങനാശേരിയിലെ ഓഫീസിലേയ്ക്ക് പോകുന്നതിനായി വീട്ടില്‍ നിന്നും ഇറങ്ങിയ പ്രകാശന്‍ മണിമലയില്‍ വെച്ച് ആറ്റില്‍ ചാടുകയായിരുന്നു. സംഭവം കണ്ട ഇതര സംസ്ഥാന തൊഴിലാളിയായ യാനുഷ് എന്നയാള്‍ കൂടെ ചാടിയെങ്കിലും പ്രകാശനെ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാള്‍ തിരിച്ച് കരയിലേയ്ക്ക് നീന്തി കയറുകയായിരുന്നു. മഴ പെയ്തതിനാല്‍ മണിമലയാറ്റില്‍ ശക്തമായ ഒഴുക്കുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
കയ്യിലുണ്ടായിരുന്ന ബാഗ് മണിമല വലിയപാലത്തിന് മുകളില്‍ വെച്ചതിന് ശേഷമാണ് പ്രകാശന്‍ താഴേയ്ക്ക് ചാടിയത്. ഈ ബാഗില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് പ്രകാശനെക്കുറിച്ച് വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രകാശന്‍ കോവിഡ് മുക്തനായത്. ഇതിനു ശേഷം പ്രകാശന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാകാം പ്രകാശന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ മണിമല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments