മാഡ്രിഡ്: യൂറോ കപ്പിന് ഒരുങ്ങുന്ന സ്പാനിഷ് ടീമിന് കനത്ത തിരിച്ചടി. ടീമിന്റെ നായകനും പരിചയസമ്പന്നനായ മധ്യനിര താരവുമായ സെര്‍ജിയോ ബുസ്‌കറ്റ്‌സിന് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ബുസ്‌കറ്റ്‌സിന് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതോടെ ബുസ്‌കറ്റ്‌സ് ക്വാറന്റൈനില്‍ പ്രവേശിച്ചു. താരവുമായി അടുത്ത് ഇടപഴകിയവരും നിരീക്ഷണത്തിലാണ്. 10 ദിവസമെങ്കിലും ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്നതിനാല്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തിലെ ഏതാനും മത്സരങ്ങള്‍ ബുസ്‌കറ്റ്‌സിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 14ന് സ്വീഡനെതിരെയാണ് സ്‌പെയ്‌നിന്റെ ആദ്യ മത്സരം. 19ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പോളണ്ടാണ് എതിരാളികള്‍. ഈ രണ്ട് മത്സരങ്ങളും ബുസ്‌കറ്റ്‌സിന് നഷ്ടമാകാനാണ് സാധ്യത.
കഴിഞ്ഞ ദിവസം പോര്‍ചുഗലിനെതിരായ മത്സരത്തില്‍ ബുസ്‌കറ്റ്‌സ് കളിച്ചിരുന്നു. സ്പാനിഷ് ടീം അംഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മറ്റാര്‍ക്കും കോവിഡ് ബാധയുള്ളതായി കണ്ടെത്തിയിട്ടില്ല. സെര്‍ജിയോ റാമോസിന്റെ അഭാവത്തിലാണ് സ്പാനിഷ് ടീമിന്റെ നായക സ്ഥാനം ബുസ്‌കറ്റ്‌സ് ഏറ്റെടുത്തത്. ലാ ലിഗയില്‍ കരുത്തരായ ബാഴ്‌സലോണയുടെ മധ്യനിരയെ നിയന്ത്രിക്കുന്ന ബുസ്‌കറ്റ്‌സിലായിരുന്നു കോച്ച് ലൂയിസ് എന്റിക്വെ പ്രതീക്ഷയര്‍പ്പിച്ചിരുന്നത്.
Post Your Comments