തിരുവനന്തപുരം: സംസ്ഥാനത്തെ 2 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. ആരോഗ്യമന്ത്രി വിണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മാമ്പഴക്കര അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 92.56 ശതമാനം), ആലപ്പുഴ നെഹ്റു ട്രോഫി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 89.96 ശതമാനം) എന്നീ കേന്ദ്രങ്ങൾക്കാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യു.എ.എസ്. ബഹുമതി ലഭിച്ചത്.
പോരായ്മകൾ പരിഹരിച്ച് ഈ രണ്ട് കേന്ദ്രങ്ങളിലും മികച്ച ചികിത്സാ സൗകര്യങ്ങളാണൊരുക്കിയത്. കോവിഡ് കാലത്ത് സംസ്ഥാനത്തെ കൂടുതൽ ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത് അഭിമാനമുള്ള കാര്യമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെ 121 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 3 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 7 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 30 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 77 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.
രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിർത്തുകയാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസർഗോഡ് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോർ കരസ്ഥമാക്കി ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ്.
ജില്ലാതല ആശുപത്രികളുടെ കൂട്ടത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോഴിക്കോട് 96 ശതമാനം സ്‌കോറോടെ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടു. താലൂക്ക് ആശുപത്രി ചാലക്കുടി 98.07 ശതമാനം സ്‌കോർ കരസ്ഥമാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച സബ്ജില്ലാ ആശുപത്രിയായി മാറി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ എൻ.ക്യു.എ.എസ്. അംഗീകാരം നേടുന്ന സംസ്ഥാനവും (30 കേന്ദ്രങ്ങൾ) കേരളമാണ്.
Post Your Comments