ന്യൂഡൽഹി: രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പ്രദേശങ്ങളിൽ മുൻനിര സ്വന്തമാക്കി കേരളം. അഞ്ച് സംസ്ഥാനങ്ങളാണ് മുൻനിര പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബ്, ചണ്ഡീഗഡ്, തമിഴ്‌നാട്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ തുടങ്ങിയ സ്ഥലങ്ങളും മുൻനിര സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സ് (പി.ജി.ഐ.) പ്രകാരമുള്ള പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്.
2019-2020 വർഷത്തെ പി.ജി.ഐ. പ്രകാരം A++ ഗ്രേഡ് എന്ന നേട്ടമാണ് കേരളവും തമിഴ്‌നാടും പഞ്ചാബും ചണ്ഡിഗഡും ആൻഡമാൻ നിക്കോബാർ ദ്വീപും സ്വന്തമായത്. ഭരണത്തിന്റെയും നിർവഹണത്തിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന 24 സ്ഥലങ്ങൾ ഏറ്റവും ഉയർന്ന സ്‌കോർ ആയ 360 ൽ 80 ശതമാനത്തിൽ താഴെ മാത്രമാണ് നേടിയിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ 20 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും എടുത്താൽ, ഏറ്റവും ഉയർന്ന സ്‌കോർ ആയ 150 ൽ നേടിയിരിക്കുന്നത് 80 ശതമാനത്തിൽ താഴെ മാത്രമാണ്.
ഡൽഹി, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, പുതുച്ചേരി, ദാദ്ര ആൻഡ് നഗർ ഹവേലി തുടങ്ങിയ പ്രദേശങ്ങൾ A+ വിഭാഗമാണ് കരസ്ഥമാക്കിയത്. 70 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പി.ജി.ഐ. നിർണ്ണയിക്കുന്നത്. ഏറ്റവും മികച്ച ഭരണ വിഭാഗത്തിൽ ഉയർന്ന സ്‌കോർ കരസ്ഥമാക്കിയത് പഞ്ചാബാണ്. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ബീഹാറും മേഘാലയയുമാണ് ഏറ്റവും താഴെയുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് 2019-20 കാലയളവിൽ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളും ഒഡീഷയും മികച്ച പുരോഗതി നേടിയിട്ടുണ്ടെന്നും പട്ടികയിൽ വ്യക്തമാക്കുന്നു.
Read Also: രാജ്യത്തെ ആദ്യ ഇലക്ട്രിക് വാഹന നഗരം; ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്ന കെവാദിയയ്ക്ക് മറ്റൊരു വിശേഷണം കൂടി
Post Your Comments