ന്യൂഡല്‍ഹി: ആദായനികുതി ഓണ്‍ലൈനായി നല്‍കുന്നതിനുള്ള പുതിയ പോര്‍ട്ടല്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. www.incometax.gov.in എന്നതാണ് പുതിയ വെബ്‌സൈറ്റ്. പുതിയ പോര്‍ട്ടലിലേക്കു മാറുന്നതിനായി കഴിഞ്ഞ ഒരാഴ്ചയായി പോര്‍ട്ടല്‍ ‘ബ്ലാക്ക് ഔട്ടി’ലായിരുന്നു. പോര്‍ട്ടല്‍ ഇന്നു സജീവമാകുമെങ്കിലും പുതിയ രീതിയിലുള്ള നികുതി അടയ്ക്കല്‍ ഈ മാസം 18 മുതലേ പ്രവര്‍ത്തിക്കൂവെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു.
പുതിയ രീതിയില്‍ നെറ്റ് ബാങ്കിങ്, യുപിഐ, ക്രെഡിറ്റ് കാര്‍ഡ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി മാര്‍ഗങ്ങളുപയോഗിച്ചു നികുതി അടയ്ക്കാനാവും. നികുതി അടയ്ക്കാന്‍ പുതിയ മൊബൈല്‍ ആപ്പും വൈകാതെ പുറത്തിറക്കുമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. അഡ്വാന്‍സ് ടാക്‌സ് വിഹിതം അടയ്ക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞ ശേഷമേ പുതിയ രീതി ആരംഭിക്കൂ. പുതിയ പോര്‍ട്ടലില്‍ ഇടപാടുകളും മറ്റും ഡാഷ്‌ബോര്‍ഡില്‍ കാണാനും സംവിധാനമുണ്ട്. ആദായ നികുതി റിട്ടേണുകള്‍ പെട്ടെന്നു വിലയിരുത്തി റീഫണ്ട് ഉടന്‍ നല്‍കാനാവുമെന്ന് അധികൃതര്‍ പറഞ്ഞു.
സ്വതന്ത്ര റിട്ടേണ്‍ തയാറാക്കല്‍ സോഫ്റ്റ്‌വെയറും ഐടിആര്‍ 1, 4(ഓണ്‍ലൈന്‍, ഓഫ്ലൈന്‍), ഐടിആര്‍ 2 (ഓഫ് ലൈന്‍) ഫോമുകള്‍ പൂരിപ്പിക്കാനുള്ള സഹായ ചോദ്യങ്ങളുമുണ്ടാകും. ഐടിആര്‍ 3 മുതല്‍ 7 വരെയുള്ളവയ്ക്കു വേണ്ട സംവിധാനങ്ങള്‍ വൈകാതെ ഏര്‍പ്പെടുത്തും. ഇതുകൂടാതെ നികുതിദായകര്‍ക്കു സ്വന്തം പ്രൊഫൈലില്‍ വിവരങ്ങള്‍ പുതുക്കാനും സൗകര്യമുണ്ട്. സഹായത്തിനായി കോള്‍ സെന്ററും ആരംഭിക്കുമെന്നു അധികൃതർ പറഞ്ഞു.
Post Your Comments