തിരുവനന്തപുരം: അനേകം ശൈശവ വിവാഹങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന നാടാണ് നമ്മുടേത്. ശൈശവ വിവാഹം തടയുന്നതിന്റെ ഭാഗമായി വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്കുന്ന പദ്ധതി സംസ്ഥാനത്തിപ്പോൾ വ്യാപകമാക്കാനൊരുങ്ങുകയാണ് വനിതാ ശിശു ക്ഷേമ വകുപ്പ്. ഈ പദ്ധതിയുടെ മുൻകാല മികവിൽ ഒരുവര്‍ഷത്തിനിടെ 200 ഓളം ശൈശവ വിവാഹങ്ങള്‍ തടയാന്‍ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്.
Also Read:ബൊക്കോ ഹറാം ഭീകര നേതാവ് അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടു
കർശനമായ നിയമങ്ങൾ നിലവിലുണ്ടായിട്ടും കേരളത്തില്‍ നിരവധി ശൈശവ വിവാഹങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് വിവരം. അത് പൊതുസമൂഹത്തിന്റെ കൂടി ഇടപെടലിലൂടെ മാത്രമേ പൂര്‍ണമായും നിരോധിക്കാനാകൂ. അതിനാലാണ് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്കി പേരാട്ടം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന പുതിയ പദ്ധതിക്ക് പൊതുസമൂഹത്തില്‍നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ പറഞ്ഞു.
ശൈശവ വിവാഹം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അത് മുന്‍കൂട്ടി വകുപ്പിനെ അറിയിക്കുന്ന വ്യക്തിക്ക് 2500 രൂപയാണ് പാരിതോഷികം നല്‍കുക. കൃത്യമായ വിവരം കൈമാറുന്നവരുടെ ഐഡന്റിറ്റി ഒരുകാരണവശാലും വെളിപ്പെടുത്തില്ല.
ജില്ല വനിതാ ശിശുവികസന ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 258 ശൈശവ വിവാഹ നിരോധന ഓഫിസര്‍മാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിവരുന്നത്. കേരളത്തെ ശൈശവ വിവാഹമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അനുപമ വ്യക്തമാക്കി. അതിലേക്ക് 1.40 ലക്ഷം രൂപയും ഇപ്പോള്‍ അനുവദിച്ചു.18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ ആദിവാസിമേഖലകളിലടക്കം ധാരാളമായി കേരളത്തില്‍ നടക്കുന്നുണ്ടെന്നാണ് വിവരം.
Post Your Comments