തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ ശക്തമായ വിമർശനവുമായി ഭാരതീയ കിസാന്‍ സംഘ്. ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച 20000 കോടിയുടെ ബജറ്റില്‍ കാര്‍ഷികമേഖലയെ തീര്‍ത്തും അവഗണിച്ചത് കര്‍ഷകരോടുള്ള അവഹേളനയാണെന്നാണ് ഓണ്‍ലൈനില്‍ കൂടിയ ഭാരതീയ കിസാന്‍ സംഘ് ബജറ്റ് അവലോകന യോഗത്തിൽ വിലയിരുത്തിയത്. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നേരിട്ട് സഹായകമായ ഒരു വാക്കുപോലും ബജറ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ ഭാരതീയ കിസാന്‍ സംഘ് ശക്തമായി പ്രതിഷേധിച്ചു.
കാര്‍ഷിക മേഖലയുമായി സംബന്ധിച്ച് അവ്യക്തമായ ചില പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റില്‍ ധനമന്ത്രി നടത്തിയത്. വിളനാശം, വന്യമൃഗശല്യം, വരള്‍ച്ച, അതിവൃഷ്ടി, ചൈനീസ് നിര്‍മ്മിത വുഹാന്‍ വൈറസിന്‍റെ വ്യാപനം എന്നിവ മൂലം നഷ്ടമുണ്ടായ കര്‍ഷകരുടെ നഷ്ടങ്ങള്‍ നികത്താന്‍ യാതൊരു നടപടിയും ബജറ്റില്‍ വകയിരുത്തിയിട്ടില്ലെന്ന് ഭാരതീയ കിസാന്‍ സംഘ് വ്യക്തമാക്കി.
മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൃഷിയ്ക്ക് സൗജന്യ വൈദ്യുതി, നഷ്ടത്തിന് ആനുപാതികമായ നഷ്ടപരിഹാരം, കര്‍ഷകര്‍ക്ക് ഉല്പാദനച്ചെലവിന് ആനുപാതികമായ താങ്ങുവില, അര്‍ഹമായ സബ്‌സിഡി എന്നിങ്ങനെ നിരവധി ക്ഷേമ പദ്ധതികള്‍ കൃത്യമായ ആസൂത്രണത്തോടെ ബജറ്റില്‍ തുക വകയിരുത്തി നടപ്പിലാക്കുന്നു. എന്നാല്‍ കേരളത്തില്‍ കര്‍ഷകരെ തീര്‍ത്തും അവഗണിച്ചുകൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചതിലൂടെ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നടപടികള്‍ ഇനിയും തുടരുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.
സപ്ലൈകോ , വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം, ഹോര്‍ട്ടികോര്‍പ്പ് മിഷന്‍ എന്നിങ്ങനെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇനിയും വില നല്‍കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റു കാശാക്കി ആ പണം കൊണ്ട് മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുകയും, ആഡംബരവാഹനങ്ങൾ വാങ്ങുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ ദുരിതകാലത്ത് മില്‍മ കാലിത്തീറ്റയ്ക്ക് സബ്‌സിഡി ഇല്ലാതാക്കി ക്ഷീരകര്‍ഷകരുടെ വയറ്റത്തടിക്കുകയാണ് സര്‍ക്കാര്‍. ഫലമായി കൃഷി ഒരു നഷ്ടക്കച്ചവടവും, കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാനും നിര്‍ബന്ധിതരാകുന്നു.
സംസ്ഥാന സര്‍ക്കാരിന്‍റെ ഈ കര്‍ഷക ദ്രോഹ ബജറ്റിനെ ഭാരതീയ കിസാന്‍ സംഘ് ശക്തമായി എതിര്‍ത്തു. ധനമന്ത്രി ബജറ്റിനെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്തു കര്‍ഷകര്‍ക്ക് ക്ഷേമകരവും, കാര്‍ഷികമേഖലയ്ക്ക് ഗുണകരവുമായ പദ്ധതികള്‍ക്കായി പര്യാപ്തമായ തുക ബജറ്റില്‍ വകയിരുത്തണമെന്ന് ഭാരതീയ കിസാന്‍ സംഘ് ശക്തമായി ആവശ്യപ്പെട്ടു.
Post Your Comments