ബാഴ്‌സലോണ: വരുന്ന സീസണിലും ബാഴ്‌സലോണയുടെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് റൊണാൾഡ് കോമാൻ. താൻ ക്ലബുമായി രണ്ടു വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. അതിനാൽ അടുത്ത സീസണിലും ക്ലബിൽ തുടരുമെന്ന് കോമാൻ വ്യക്തമാക്കി. ജോവാൻ ലപോർട്ട ബാഴ്‌സലോണയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ടീമിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന ഈ സമയത്ത് കോമാൻ ബാഴ്‌സയെ പഴയ പ്രതാപകാലത്തേക്ക് എത്തിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
ഫ്രഞ്ച് ക്ലബായ ലിയോണിന്റെ ഡച്ച് മുന്നേറ്റനിര താരമായ മെംഫിസ് ഡീപേ ബാഴ്‌സയിലെത്തുമെന്നാണ് സൂചന. നേരത്തെ അഗ്വേറോ, എറിക് ഗാർസിയ എന്നിവരെ ഫ്രീ ട്രാസ്ഫറിൽ സ്വന്തമാക്കിയ ബാഴ്‌സലോണ ഡീപേയെയും ഫ്രീ ട്രാസ്ഫറിൽ എത്തിക്കുമെന്നാണ് സൂചന. ഈ താരങ്ങൾക്ക് പുറമെ ഒമ്പത് മില്യൺ നൽകി എമേഴ്സണെയും ബാഴ്‌സ സ്വന്തമാക്കിയിരുന്നു.
അതേസമയം, പുതിയ ബാഴ്‌സലോണ പ്രൊജക്ടിനെ മെസ്സിയും ഏജന്റും സ്വാഗതം ചെയ്തിട്ടുണ്ട്. ബാഴ്‌സലോണയിലെ അഴിച്ചു പണിയും പുതിയ താരങ്ങളുടെ സൈനിംഗുകളും താരത്തിന്റെ മനസ് മാറ്റുമെന്നും ക്ലബുമായി മെസ്സി പുതിയ കരാറിൽ ഒപ്പുവെക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Also:- ലിയോണിന്റെ ഡച്ച് മുന്നേറ്റനിര താരത്തെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സലോണ
കഴിഞ്ഞ സീസണിൽ മുൻ പ്രസിഡന്റ് ബെർതമോവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ക്ലബ് വിടാൻ മെസ്സി തീരുമാനിച്ചിരുന്നു. എന്നാൽ ലപോർട്ടയുടെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്റ് താരത്തെ പിടിച്ച് നിർത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിരുന്നു. അടുത്ത സീസൺ ആരംഭിക്കാനിരിക്കെ ക്ലബുമായി കരാർ പുതുക്കാത്തതിനാൽ മെസ്സിയുടെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വത്തിലാണ് ബാഴ്‌സലോണയും ആരാധകരും.
Post Your Comments