
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ സിപിഎം പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നു. കേസിലെ മുഖ്യപ്രതിയെ സഹായിച്ച സിപിഎം പ്രവര്‍ത്തകനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. കൊടുങ്ങല്ലൂരിലെ
ബിജെപി പ്രവർത്തകരെ കൊന്ന കേസ്സിൽ പ്രതിയും, ക്രിമിനലുമായ റെജിലിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. കുഴല്‍പ്പണം തട്ടിയെടുത്ത ശേഷം ദീപക്കില്‍നിന്ന് മൂന്നു ലക്ഷം രൂപ റെജില്‍ കൈപ്പറ്റി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ഇതിനെ തുടര്‍ന്നാണ് റെജിലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്. കവര്‍ച്ചയ്ക്കു ശേഷം പ്രതികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. രണ്ട് കൊലക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റെജില്‍ എസ്.എന്‍. പുരത്ത് രണ്ട് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്നാണ് വിവരം.
ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അതേസമയം കുഴല്‍പ്പണ കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബിജെപി കേരളത്തില്‍ ഒഴുക്കിയ കള്ളപ്പണത്തിന്റെ ചെറിയ ഭാഗം മാത്രമാണ് പുറത്തു വന്നിരിക്കുന്നതെന്നും ഇപ്പോള്‍ കണ്ടെത്തിയത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പുറത്തു വന്നിരിക്കുന്ന പുതിയ വിവരങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം വിട്ടാല്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണമെന്നും അന്വേഷണവുമായി എല്ലാവരും സഹകരിക്കണമെന്നും കോടിയേരി വ്യക്തമാക്കി.
Post Your Comments