ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോവിഡ് വാക്സിൻ ഉടൻ എത്തും. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. വൈകാതെ ഇതിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ വാക്സിന്റെ 30 കോടി ഡോസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയെന്നാണ് റിപ്പോർട്ട്.
ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്സ് വാക്സിനാണ് കുറഞ്ഞ വിലയിൽ ഒരുങ്ങുന്നത്. വാക്സിന്റെ രണ്ട് ഡോസുകള്‍ക്കും കൂടി 500 രൂപയാണ് വില. അതേസമയം, 400 രൂപയില്‍ താഴെയായിരിക്കും കോര്‍ബേവാക്സിന്റെ വിലയെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. വാക്സിന്റെ ആദ്യ രണ്ട് ഘട്ട ക്ലിനിക്കല്‍ ട്രയലുകളും വിജയകരമായിരുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്സിന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ സംസ്ഥാന സര്‍ക്കാറിന് 600 രൂപക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപക്കുമാണ് നല്‍കുന്നത്. ഭാരത് ബയോടെകിന്റെ കോവാക്സിന് 800 രൂപക്കും 2400 രൂപക്കുമാണ് നല്‍കുന്നത്. സ്പുട്നിക് വാക്സിന്റെ ഒരു ഡോസിന് 995 രൂപയാണ് വില. മറ്റ് വാക്സിനുകളെ അപേക്ഷിച്ച് കോര്‍ബേവാക്സ് വാക്സിന് വിലക്കുറവ് ഉള്ളതിനാൽ വിപണിയിൽ വൻ തരംഗമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments