KeralaLatest News

പത്ത് ലക്ഷം നല്‍കിയെന്ന ആരോപണം: ജെ.ആര്‍.പി നേതാക്കള്‍ക്കെതിരെ സി കെ ജാനു മാനനഷ്ട കേസ് ഫയല്‍ ചെയ്തു

പുറത്തുവന്ന ഫോണ്‍ സംഭാഷണം താനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും സി കെ ജാനു

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നൽകിയെന്ന ആരോപണത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സികെ ജാനു. ആരോപണം ഉന്നയിച്ച ജെആർപി നേതാക്കൾക്കെതിരെയാണ് ജാനു മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ജെ.ആര്‍.പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ, ട്രഷറര്‍ പ്രസീത എന്നിവര്‍ക്കെതിരെയാണ് കേസ്.

ഏഴ് ദിവസത്തിനകം ആരോപണം പിന്‍വലിച്ച്‌ പരസ്യമായി മാപ്പ് പറയണമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നുമാണ് ആവശ്യം. അതേസമയം പണമിടപാട് സംബന്ധിച്ച്‌ ആരോപണത്തിന് കാരണമായ സംഭാഷണം ഇന്നലെയാണ് ആദ്യമായി കേള്‍ക്കുന്നതെന്ന് ജാനു പറഞ്ഞു. ആ സംഭാഷണവുമായി തനിക്ക് ബന്ധമില്ലെന്ന് ജാനു ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ചർച്ചയിൽ വ്യക്തമാക്കി. പുറത്തുവന്ന ഫോണ്‍ സംഭാഷണം താനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും സി കെ ജാനു പറഞ്ഞു.

ഇത്തരം ഒരു ഇടപാട് നടത്താന്‍ തനിക്ക് ഇടനിലക്കാരുടെ ആവശ്യമില്ല. പാര്‍ട്ടിയില്‍ തന്റെ നിലപാട് വ്യക്തമാക്കാനുള്ള ബന്ധമൊക്കെ നേതാക്കളുമായി തനിക്കുണ്ട്. എനിക്ക് വേണ്ടി മറ്റൊരാള്‍ സംസാരിക്കേണ്ട ആവശ്യമെന്താണെന്ന് അറിയില്ല. ഇതിനുമുന്‍പും താന്‍ ഇത്തരം ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്. സാമ്പത്തികമായി സഹായം വേണമെന്ന് ഇടനിലക്കാരെ നിര്‍ത്തി പാര്‍ട്ടിയോട് താന്‍ ആവശ്യപ്പെട്ടിട്ടില്ല. പണം വാങ്ങാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സി കെ ജാനു പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനുവിന് 40 ലക്ഷം രൂപ കെ സുരേന്ദ്രന്‍ കൈമാറിയെന്ന് ജെ ആര്‍ പി മുന്‍ സംസ്ഥാന സെക്രട്ടറി ബാബു ബി സിയും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ബത്തേരിയില്‍ വെച്ച്‌ നിരവധി തവണ പണമിടപാടുകള്‍ നടന്നു. അമിത് ഷാ ബത്തേരിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴും സികെ ജാനുവിന് പണം നല്‍കിയതായും ബാബു ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രസീതയുടെ ആരോപണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button