KeralaLatest NewsIndia

കേരള നിയമസഭ മോദി വിരുദ്ധ രാഷ്ട്രീയ പ്രചാരണവേദിയാക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചന: കേന്ദ്ര മന്ത്രി വി. മുരളീധരൻ

ലക്ഷദ്വീപില്‍ തെങ്ങിന് കാവിയടിച്ചു തുടങ്ങിയ പച്ചക്കള്ളങ്ങള്‍ കേരളനിയമസഭയുടെ രേഖയില്‍ വരുന്നതിനെ ചോദ്യം ചെയ്യാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്.

ന്യൂഡൽഹി: കേരളനിയമസഭയെ മോദി വിരുദ്ധ രാഷ്ട്രീയപ്രചാരണ വേദിയാക്കി മാറ്റുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരാഴ്ചക്കിടെ രണ്ട് പ്രമേയങ്ങളാണ് രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ഒരു നിയമസഭയില്‍ കൊണ്ടു വന്നത്. ഈ പ്രമേയങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് കയ്യടിച്ച് പാസ്സാക്കുകയാണ്.

ലക്ഷദ്വീപില്‍ തെങ്ങിന് കാവിയടിച്ചു തുടങ്ങിയ പച്ചക്കള്ളങ്ങള്‍ കേരളനിയമസഭയുടെ രേഖയില്‍ വരുന്നതിനെ ചോദ്യം ചെയ്യാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്. വാക്സീന്‍ വിഷയത്തില്‍ കേരളസര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണ് പ്രമേയത്തിലൂടെ പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം സംസ്ഥാന സര്‍ക്കാര്‍ സൗജന്യ വാക്സീന്‍ നല്‍കുമെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ എന്തിനാണ് കേന്ദ്രത്തിന്‍റെ സൗജന്യം ആവശ്യപ്പെട്ട് പ്രമേയം കൊണ്ടു വരുന്നതെന്ന് വി.മുരളീധരന്‍ ചോദിച്ചു.

ആഗോള ടെന്‍ഡര്‍ വിളിക്കുമെന്ന് പറഞ്ഞവര്‍ കേന്ദ്രം ആഗോളടെന്‍ഡര്‍ വിളിക്കണമെന്ന് പ്രമേയം പാസാക്കുന്നത് പരിഹാസ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വാക്സീന്‍ വില കൃത്യമായി നിശ്ചയിച്ചിരിക്കെ ഏത് വിപണിയില്‍ മല്‍സരിക്കുന്നതിനെക്കുറിച്ചാണ് ആരോഗ്യമന്ത്രി പറയുന്നതെന്ന് മുരളീധരന്‍ ചോദിച്ചു. കേരള സര്‍ക്കാരിന്‍റെ നിലപാടില്ലായ്മ സംസ്ഥാനത്ത് വാക്സീന്‍ വിതരണത്തില്‍ പ്രതിസന്ധിസൃഷ്ടിക്കുകയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ സൗജന്യമായി നൽകുന്നെങ്കിൽ, സ്വകാര്യ ആശുപത്രികൾ വാക്സീൻ വാങ്ങുന്നതെന്തിനെന്ന സംശയത്തില്‍ സ്വകാര്യമേഖല മടിച്ചു നില്‍ക്കുകയാണ്. മഹാമാരിയുടെ കാര്യത്തില്‍ കൃത്യമായ നയരൂപീകരണത്തിന് കഴിഞ്ഞിട്ടില്ല. സ്വകാര്യ ആശുപത്രികളിലെ ചികില്‍സാ നിരക്ക് , ലാബുകളിലെ പരിശോധന നിരക്ക്,ചികില്‍സാ ഉപകരണങ്ങളുടെ നിരക്ക് തുടങ്ങിയവയിലൊന്നും ഇപ്പോഴും വ്യക്തതയില്ല.

ഇത് മരണനിരക്കിനെയടക്കം സ്വാധീനിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമസഭയെ മോദിവിരുദ്ധ രാഷ്ട്രീയത്തിന്‍റെ വേദിയാക്കുന്നത്. സ്വന്തം നയമില്ലായ്മയും കഴിവുകേടും മറച്ചുവയ്ക്കാനാണ് ഈ പ്രമേയങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുക എന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്.

ആരെ പ്രീണിപ്പിക്കാനാണ് അത് ചെയ്യുന്നതെന്നും അറിയാമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രപദ്ധതികളെ അട്ടിമറിക്കാനുള്ള ശ്രമം ബോധപൂര്‍വം നടത്തുകയാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. പ്രധാന്‍മന്ത്രി ആവാസ് യോജന എങ്ങനെയാണ് അട്ടിമറിച്ചതെന്ന് സിഎജി തന്നെ ചൂണ്ടിക്കാണിക്കുന്നു.

ഇതെല്ലാം ചെയ്യുന്നവര്‍ സഹകരണ ഫെഡറലിസത്തെ മോദി അട്ടിമറിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്യും. സഹകരണ ഫെഡറലിസത്തെ അട്ടിമറിക്കുന്നത് മോദിയാണോ പിണറായിയാണോയെന്ന് ജനം ചിന്തിക്കണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ഈ കോവിഡ് കാലത്ത് ഓരോ പ്രധാന തീരുമാനങ്ങളും മുഖ്യമന്ത്രിമാരുമായി ആലോചിച്ചാണ് പ്രധാനമന്ത്രി എടുത്തിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഭരണപക്ഷം പറയുന്നതിനെല്ലാം കയ്യടിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേതെന്നും വി.മുരളീധരന്‍ പറഞ്ഞു. കോവിഡ് മരണങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ മറച്ചുവച്ചു എന്ന ഗുരുതരമായ ആരോപണം നിയമസഭയില്‍ ഉന്നയിച്ചു. അടച്ചാക്ഷേപിച്ച് ആരോഗ്യമന്ത്രി മറുപടി നല്‍കിയിട്ടും ഒന്ന് ഇറങ്ങിപ്പോയി പ്രതിഷേധിക്കാന്‍ പോലും തയാറാവാത്തത്ര ദുര്‍ബലമാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ധൈര്യമില്ല.

കേന്ദ്രവിരുദ്ധ പ്രമേയമാണെങ്കില്‍ പ്രമേയം വായിച്ചു തീരും മുമ്പേ പ്രതിപക്ഷ ബഞ്ചില്‍ നിന്ന് കയ്യടി ഉയരും. കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ശരിയായ പ്രതിപക്ഷം എന്നത് ബിജെപി മാത്രമായി മാറിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് നിയമസഭ സമ്മേളിക്കുന്നത് ജനോപകാരപ്രദമായ നിയമനിര്‍മ്മാണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ്. അവിടെ ബിജെപിയെ തോല്‍പ്പിച്ചത് ആരാണ് എന്നു ചര്‍ച്ച ചെയ്ത് സമയം കളയുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്ന് വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button