മുംബൈ: സംസ്ഥാനത്ത് ഒരിടത്തും ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സർക്കാർ. നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും അന്തിമ തീരുമാനം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ 18 ജില്ലകളിൽ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന ദുരന്തനിവാരണ വകുപ്പ് മന്ത്രി വിജയ് വാഡെറ്റിവാർ പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്.
സംസ്ഥാനത്തെ ചില ഗ്രാമപ്രദേശങ്ങളിൽ രോഗ വ്യാപനം ഗുരുതരമാണ്. ഒരിടത്തും നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചിട്ടില്ലെന്നും രോഗവ്യാപനത്തിന്റെ തോത് അനുസരിച്ചായിരിക്കും ലോക്ഡൗൺ ഇളവുകളിൽ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നിയന്ത്രണങ്ങൾ ലഘൂകരിക്കണോ അതോ കൂടുതൽ ശക്തിപ്പെടുത്തണോയെന്ന കാര്യത്തിൽ വിശദമായ മാർഗനിർദേശങ്ങൾ പ്രഖ്യാപിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്‌സിജൻ ബെഡുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കി ജില്ലകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്നായിരുന്നു വിജയ് വാഡെറ്റിവാർ അറിയിച്ചിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുള്ളതും ഓക്‌സിജൻ ബെഡുകളിൽ 25 ശതമാനത്തിൽ താഴെ മാത്രം രോഗികളുമുള്ള 18 ജില്ലകളെ ഒന്നാം വിഭാഗത്തിൽ ഉൾപ്പെടുത്തി അൺലോക്ക് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Post Your Comments