KeralaLatest NewsIndiaNews

കേന്ദ്രസഹായം അട്ടിമറിച്ചു, ഒന്നും തരുന്നില്ലെന്ന് പാടിനടന്നു, നെറികെട്ട രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം: വി മുരളീധരൻ

കേന്ദ്രം നല്‍കുന്ന ഏത് സഹായത്തെയും വിലകുറച്ച് കാണാനും തെറ്റിദ്ധരിപ്പിക്കാനും ബോധപൂര്‍വമായ ശ്രമം നടത്തുകയാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍.

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. പാവപ്പെട്ടവര്‍ക്കുള്ള കേന്ദ്രഭവനപദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഫണ്ട് കേരളം നഷ്ടപ്പെടുത്തി എന്ന സി.എ.ജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. നരേന്ദ്രമോദിയോടും ബി.ജെ.പിയോടുമുള്ള വിരോധം തീര്‍ക്കാന്‍ പാവങ്ങളുടെ അവകാശം നിഷേധിക്കുന്ന നെറികെട്ട രാഷ്ട്രീയം ഇനിയെങ്കിലും സി.പി.എം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് മുരളീധരൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെടുന്നത്.

എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സംസ്ഥാനത്ത് അട്ടിമറിച്ചുവെന്ന സി.എ.ജി റിപ്പോർട്ട് ഗൗരവതരമാണെന്ന് മുരളീധരൻ പറയുന്നു. ഭവന നിർമ്മാണത്തിനായി മോദി സർക്കാർ അനുവദിച്ച 195.82 കോടി രൂപ നഷ്ടപ്പെടുത്തിയത് ബി.ജെ.പിയോടുള വിരോധം കാരണമാണെന്ന് മുരളീധരൻ ആരോപിച്ചു. വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

Also Read:കൂടുതൽ സഹായങ്ങൾ ഇനിയും നൽകും; കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

പാവപ്പെട്ടവര്‍ക്കുള്ള കേന്ദ്രഭവനപദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഫണ്ട് കേരളം നഷ്ടപ്പെടുത്തി എന്ന സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. കയറിക്കിടക്കാന്‍ ഒരു കൂരയില്ലാതെ വലയുന്ന പാവങ്ങളെ സഹായിക്കാനുള്ളതാണ് പിഎംഎവൈ. 2016-17ൽ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ട 42,431 വീടുകളുടെ സ്ഥാനത്ത് കേരളം അനുവാദം നല്‍കിയത് 17,287 എണ്ണത്തിന് മാത്രമാണ് എന്നത് സംസ്ഥാനത്തോട് ചെയ്ത വഞ്ചനയാണ്. മാനദണ്ഡങ്ങൾ പാലിക്കാതെയും യോഗ്യരല്ലാത്തവരെ ഉൾപ്പെടുത്തിയും പദ്ധതിയുടെ യഥാർഥ ലക്ഷ്യം അട്ടിമറിച്ചിരിക്കുന്നു. പൂർത്തിയാവാത്ത വീടുകളുടെ വ്യാജചിത്രം അപ് ലോഡ് ചെയ്തതടക്കം നിരവധി ക്രമക്കേടുകളാണ് സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Also Read:ആകെയുള്ള മകനും ഇന്നലെ മരിച്ചതോടെ നെഞ്ച് തകര്‍ന്ന് അച്ഛനും അമ്മയും :മൂന്നുമക്കളും മരിച്ചത് 17-ാം വയസ്സില്‍

“എല്ലാവര്‍ക്കും ഭവനം” എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പിഎംഎവൈയെ ഇകഴ്ത്തിക്കാണിക്കാന്‍ പലതും ചെയ്തിട്ടുണ്ട് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ ഭവനനിര്‍മ്മാണത്തിന് കേന്ദ്രം ആകെ നല്‍കിയത് 881 കോടിയാണെന്ന് എഴുതിയിരുന്നു. ഐസക്ക് അതെഴുതുന്ന സമയത്ത് നഗരമേഖലയില്‍ മാത്രം കേരളത്തില്‍ 932 കോടി രൂപ ലഭിച്ചുവെന്ന് പിന്നീട് വിവരാവകാശ രേഖ തെളിയിച്ചു. കേന്ദ്രപദ്ധതികളോട് തുടര്‍ച്ചയായി പ്രതികാരാത്മക സമീപനമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കാണിച്ചിട്ടുള്ളത്. കേന്ദ്രം നല്‍കുന്ന ഏത് സഹായത്തെയും വിലകുറച്ച് കാണാനും തെറ്റിദ്ധരിപ്പിക്കാനും ബോധപൂര്‍വമായ ശ്രമം നടത്തുകയാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍. കോവിഡ് മഹാമാരി ജനങ്ങളെ ദുരിതത്തിലാക്കിയ പോയവര്‍ഷവും കേരളത്തില്‍ പിഎംഎവൈ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സമയത്ത് കണക്കുകള്‍ നല്‍കാതെ ദുരന്തനിവാരണ ഫണ്ട് അനുവദിപ്പിക്കുന്നതില്‍ ബോധപൂര്‍വം കാലതാമസം വരുത്തി. പിന്നീട് കേന്ദ്രമൊന്നും തരുന്നില്ലെന്ന് പാടിനടന്നു. വന്യമൃഗശല്യം നേരിടാന്‍ കേന്ദ്രം അനുവദിച്ച ഫണ്ട് പാതിയും പാഴാക്കിയതും വാര്‍ത്തയായിരുന്നു. 2014മുതല്‍ 2020വരെ അനുവദിച്ച 62.89 കോടിയില്‍ കേരളം ചിലവിട്ടത് 32.74 കോടി മാത്രമാണ്. വികസന, ജനക്ഷേമ പദ്ധതികൾക്ക് കേന്ദ്രസർക്കാർ അനുവദിക്കുന്ന കോടികള്‍ പാഴാക്കിക്കൊണ്ടാണ് വന്‍തുകയുടെ വിദേശവായ്‌പ എടുക്കുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം. നരേന്ദ്രമോദിയോടും ബിജെപിയോടുമുള്ള വിരോധം തീര്‍ക്കാന്‍ പാവങ്ങളുടെ അവകാശം നിഷേധിക്കുന്ന നെറികെട്ട രാഷ്ട്രീയം ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button