ക്രിസ്റ്റിയാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ഒപ്പം ഒരുപാട് കാലം കളിച്ച താരമാണ് ഗോൺസാലോ ഹിഗ്വയ്ൻ. ഈ രണ്ട് സൂപ്പർ താരങ്ങളെ മനസിലാക്കിയതുപോലെ വേറെ ആരും മനസിലാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് ഹിഗ്വയ്ൻ. ഇരുതാരങ്ങളുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും തനിക്ക് നന്നായി അറിയാമായിരുന്നുവെന്ന് റണ്ണേഴ്‌സ് വേൾഡിന് നൽകിയ അഭിമുഖത്തിൽ ഹിഗ്വയ്ൻ പറഞ്ഞു.
മെസ്സിക്ക് ഒപ്പം അർജന്റീന ജേഴ്സിയിലും റൊണാൾഡോയ്ക്ക് ഒപ്പം റയൽ മാഡ്രിഡിലും യുവന്റസിലും ഹിഗ്വയ്ൻ കളിച്ചിട്ടുണ്ട്. ഇരുവരും തനിക്ക് ഒപ്പം കളിക്കുന്നത് താൻ നന്നായി ആസ്വദിച്ചിരുന്നുവെന്ന് താരം പറഞ്ഞു. ഇരുവരും ഗ്രൗണ്ടിൽ എന്നും പിന്തുണച്ചിട്ടുണ്ട്. ഈ താരങ്ങളുടെ ഒപ്പമുള്ള അനുഭവം എന്നും സന്തോഷം തരുന്നതാണെന്നും ഹിഗ്വയ്ൻ കൂട്ടിച്ചേർത്തു. അമേരിക്കൻ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുകയാണ് ഹിഗ്വയ്ൻ ഇപ്പോൾ.
അതേസമയം; ചിലിക്കും കൊളംബിയക്കും എതിരെ അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള 30 അംഗം ടീമിനെ കോച്ച് ലിയോണൽ സ്കലോണി പ്രഖ്യാപിച്ചു. സൂപ്പർതാരം ലയണൽ മെസ്സി, സെർജിയോ അഗ്യൂറോ, ഏഞ്ചൽ ഡി മരിയ, യുവതാരം മാർട്ടിനെസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. യുവതാരങ്ങളായ പൗളോ ഡിബാലയെയും മൗറോ ഇക്കാർഡിയെയും ടീമിൽ നിന്ന് ഒഴിവാക്കി.
Post Your Comments