ജനീവ: ചൈനയുടെ കോവിഡ് വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്കി ലോകാരോഗ്യ സംഘടന. കൊറോണവാക് എന്ന വാക്സിനാണ് അനുമതി ലഭിച്ചത്. അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ചൈനയുടെ രണ്ടാമത്തെ കോവിഡ് വാക്സിനാണ് കൊറോണവാക്.
ചൈനീസ് ഫാര്‍മ കമ്പനിയായ സിനോവാക് ബയോടെക്കാണ് കൊറോണവാക് വികസിപ്പിച്ചത്. ലോകം മുഴുവന്‍ കോവിഡ് വാക്സിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കൂടുതല്‍ വാക്സിന് ആവശ്യമായി വരുമെന്നും ചൈനീസ് വാക്സിന് അംഗീകാരം നല്‍കിക്കൊണ്ട് ലോകാരോഗ്യ സംഘടന അറിയിച്ചു. കൂടുതല്‍ നിര്‍മ്മാതാക്കള്‍ വാക്സിന് നിര്‍മ്മിക്കാനായി മുന്നോട്ടുവരണമെന്നും വാക്സിന് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
18 വയസിന് മുകളിലുള്ളവരില്‍ ഉപയോഗിക്കാനാണ് കൊറോണവാക് വാക്സിന് അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് മുതല്‍ നാല് ആഴ്ചകള്‍ വരെയുള്ള ഇടവേളയില്‍ രണ്ട് ഡോസുകള്‍ സ്വീകരിക്കണം. വാക്സിന് ഉപയോഗിച്ചവരില്‍ 51 ശതമാനം ആളുകളും കോവിഡിനെ പ്രതിരോധിച്ചെന്നും കോവിഡിന്റെ ഗുരുതരാവസ്ഥയെ 100 ശതമാനം ചെറുക്കാന്‍ വാക്സിന് കഴിഞ്ഞെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ മാസമാണ് ചൈനയുടെ ആദ്യ കോവിഡ് വാക്സിനായ സിനോഫാമിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചത്.
Post Your Comments