തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഭുല്‍ കെ പട്ടേലിനെ ന്യായീകരിച്ച സിപിഎം സെക്രട്ടറിക്കെതിരെ നടപടിയെടുക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. സിപിഎം ലക്ഷദ്വീപ് സെക്രട്ടറി ലുക്മാനുല്‍ ഹക്കീമിനെതിരെ അച്ചടക്ക നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ദ്വീപിലെ ഡിവൈഎഫ്‌ഐ പ്രസിഡന്റ് കെ.കെ നസീര്‍ രാജിവെച്ചു. ഡിവൈഎഫ്‌ഐ കേരള സെക്രട്ടറിക്കും പ്രസിഡന്റിനും നസീര്‍ രാജക്കത്ത് അയച്ചു.
ഇവിടുത്തെ പ്രശ്നം ടൂറിസമാണെന്നും ജനങ്ങളുടെ ജീവനോപാധികളില്‍ ഒന്നും ചെയ്തട്ടില്ലെന്നും എന്ന സൂചനായാണ് ലുക്മാനുല്‍ നല്‍കിയത്. ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ കൈക്കൊണ്ട നടപടിയെയാണ് ലുക്മാനുല്‍ ഹക്കീം ന്യായീകരിച്ചത്. സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചത് നഷ്ടത്തിലായതിനാലാണെന്നും പ്രതിഷേധത്തില്‍ കാര്യമില്ലെന്നുമായിരുന്നു ഇദ്ദേഹം ചാനലിന് നല്‍കിയ പ്രതികരണം. ലക്ഷദ്വീപില്‍ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അമൂല്‍ ഒക്കെ ലക്ഷദ്വീപില്‍ പണ്ടേ ഉണ്ടെന്നും ലുക്മാനുല്‍ ഹക്കീം പറഞ്ഞിരുന്നു.
ഫാം അടച്ച് അമുല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് ലുക്മാനുലിന്റെ പ്രതികരണം.
അഡ്മിനിസ്ട്രേറ്ററെയും കളക്ടറെയും ന്യായീകരിച്ച് ലുക്മാനുല്‍ ഹക്കിം നടത്തിയ അഭിപ്രായപ്രകടനം സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ലുക്മാനുലിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ലക്ഷദ്വീപിനു വേണ്ടി സിപിഎമ്മും ഡിവൈഎഫ്‌ഐയും നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്കു കോട്ടം തട്ടുന്ന പ്രസ്താവനയാണ് പാര്‍ട്ടി സെക്രട്ടറിയില്‍നിന്ന് ഉണ്ടായതെന്ന് രാജി കത്തില്‍ കെ കെ നസീര്‍ ചൂണ്ടിക്കാട്ടി.
ദ്വീപിന് വേണ്ടി ശക്തമായി നിലകൊണ്ട കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, സംസ്കാരിക, മാധ്യമ കൂട്ടായ്മകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രസ്താവനകള്‍ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായിട്ടും അച്ചടക്ക നടപടിയുണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കെ.കെ. നസീര്‍ പറഞ്ഞു. വലതുപക്ഷ പ്രചാരകര്‍ക്ക് അവസരം നല്‍കുന്ന നിലപാടാണ് പാര്‍ട്ടി സെക്രട്ടറി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments