മുംബൈ: ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച മാസമാണ് കടന്നുപോയത്. രാജ്യത്ത് കോവിഡ് വ്യാപനവും മരണനിരക്കും മൂര്‍ധന്യത്തിലെത്തിയത് കഴിഞ്ഞ മാസമായിരുന്നു. മഹാരാഷ്ട്രയിലും മെയ് മാസത്തില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന കാഴ്ചയാണ് കാണാനായത്. എന്നാല്‍, സംസ്ഥാനത്തെ ഒരു ജില്ലയില്‍ നിന്നും ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മെയ് മാസം മാത്രം അഹമ്മദ്‌നഗറിലെ 8,000ത്തോളം കുട്ടികള്‍ക്കാണ് കോവിഡ് ബാധിച്ചത്. ആയിരക്കണക്കിന് കുട്ടികളും കൗമാരക്കാരും അഹമ്മദ്‌നഗറില്‍ കോവിഡ് ബാധിതരായി. കഴിഞ്ഞ മാസം ജില്ലയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ പത്ത് ശതമാനത്തോളം പേരും കുട്ടികളായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജില്ലാ ഭരണകൂടമാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവിട്ടത്.
ജില്ലയില്‍ കോവിഡ് ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി നിരവധി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മൂന്നാം തരംഗത്തിനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അഹമ്മദ്‌നഗറില്‍ നടക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രിയുടെ അന്തരീക്ഷത്തില്‍ നിന്നും വ്യത്യസ്തമായി ഒരു നഴ്‌സറിയുടെയോ സ്‌കൂളിന്റെയോ അന്തരീക്ഷം കുട്ടികള്‍ക്ക് ഇത്തരം വാര്‍ഡുകളില്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments