പാലക്കാട്: പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച്ച നാല് കേന്ദ്രങ്ങളിലായി രണ്ടാം ഡോസ് കോവാക്സിൻ കുത്തിവെപ്പ് നടക്കും. 45 വയസ്സിനു മുകളിലുള്ള കോവാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ച 28 ദിവസം പൂർത്തിയായവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തി കുത്തിവെപ്പ് എടുക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചിറ്റൂർ, ഒറ്റപ്പാലം താലൂക്ക് ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി എന്നിവയാണ് കേന്ദ്രങ്ങൾ. 400 ഡോസ് വീതമാണ് ഓരോ കേന്ദ്രങ്ങളിലും അനുവദിച്ചിട്ടുള്ളത്.
ഇതുകൂടാതെ നാളെ ജില്ലയിലെ 99 കേന്ദ്രങ്ങളിൽ കോവിഷീൽഡ് ഒന്ന്, രണ്ട് ഡോസ് കുത്തിവെപ്പും ഒരു കേന്ദ്രത്തിൽ 18- 44 വരെ പ്രായമുള്ളവർക്കും കുത്തിവെപ്പിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും അറിയിപ്പ് ലഭിച്ചവർക്ക് മാത്രമേ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പ് എടുക്കാനാവുവെന്നും കളക്ടർ വ്യക്തമാക്കി.
ജില്ലയിൽ കഴിഞ്ഞ ദിവസം 242 പേരാണ് കോവിഷീൽഡ് കുത്തിവെയ്പ്പെടുത്തത്. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 10 പേർ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതിൽ 4 പുരുഷൻമാരും 6 സ്ത്രീകളും ഉൾപ്പെടും. ഇതു കൂടാതെ 45 വയസ്സിനും 60 വയസിനും ഇടയിലുള്ള 190 പേർ ഒന്നാം ഡോസും 60 വയസിനു മുകളിലുള്ള 42 പേർ ഒന്നാം ഡോസും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട് ആകെ 2 സെഷനുകളിലായിട്ടാണ് കോവിഷീൽഡ് കുത്തിവെപ്പ് നടന്നത്. കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു.
Read Also: കോവിഡ് വാക്സിനേഷൻ : ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Post Your Comments