കോഴിക്കോട്: പാർട്ടിയും മുന്നണിയും അധികാരത്തിലെത്തുന്നത് കൂട്ടായ പ്രവർത്തനത്തിലൂടെയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ. ജയിക്കുമ്പോൾ അതു സ്വന്തം പ്രാഗൽഭ്യം കൊണ്ടാണെന്നു കരുതുകയും തോൽക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ മേൽ കെട്ടിയേൽപ്പിക്കുകയും ചെയ്യുന്നത് മര്യാദകേടാണെന്ന് അദ്ദേഹം പറഞ്ഞു. തോൽവി സംഭവിക്കുമ്പോൾ ഏതാനും പേരെ ടാർഗറ്റ് ചെയ്തു അവരെല്ലാം മാറണമെന്ന് വിളിച്ചു കൂവുകയും അതിനായി മാധ്യമങ്ങളെ കൂട്ടുപിടിക്കുകയും ചെയ്യുന്നത് അന്തസില്ലായ്മയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഷ്ട്രീയ കളരിയിൽ തഴക്കവും പഴക്കവുമുള്ളവരെ മുഴുവൻ ഒറ്റയടിക്ക് നീക്കം ചെയ്തു പകരം പുതിയ തലമുറയെ പ്രതിഷ്ഠിക്കുക എന്നത് ചരിത്രപരമായ മണ്ടത്തരമാണ്. ഒരു പാർട്ടിയും അങ്ങനെ ചെയ്യാറില്ല. ഘട്ടം ഘട്ടമായ പരിണാമമാണ് ഉണ്ടാകേണ്ടത്. പുതിയ തലമുറയെ ഉൾക്കൊള്ളുന്നതിനൊപ്പം പഴയ തലമുറയുടെ അനുഭവ ജ്ഞാനം കൂട്ടിനുണ്ടാവുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 20 ൽ 19 സീറ്റുകളും നേടിയപ്പോൾ പാർട്ടിയെയും മുന്നണിയെയും നയിച്ചവർക്കു പ്രത്യേകമായി പൂച്ചെണ്ടുകളൊന്നും നൽകിയില്ല. എന്നാൽ ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ അവരെ തെരഞ്ഞുപിടിച്ചു കല്ലെറിയുകയാണ്. പാർട്ടിയെയും മുന്നണിയെയും ഇത്രകാലം നയിച്ചവരെ മാറ്റുമ്പോൾ അതവരെ കൂടി ബോധ്യപ്പെടുത്തി അവരുടെ മനസ്സിൽ മുറിവുണ്ടാക്കാതെ ചെയ്യണം. അല്ലാത്തപക്ഷം അവരോടു നമ്മൾ അനീതി ചെയ്തെന്ന കുറ്റബോധം ഇന്നല്ലെങ്കിൽ നാളെ നമ്മുടെയൊക്കെ മനസിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/NSubramanianclt/posts/2911741115711269
Post Your Comments