പത്തനംതിട്ട: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഷൂട്ടിംഗ് പുനരാരംഭിക്കണമെന്ന് ടെലിവിഷന്‍ കലാകാരന്‍മാരുടെ സംഘടനയായ ആത്മ. ഇക്കാര്യം ആവശ്യപ്പെട്ട് ആത്മ പ്രതിനിധികള്‍ സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്ച നടത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനവും ആത്മ പ്രതിനിധികള്‍ മന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്.
ആത്മ പ്രസിഡന്റ് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ സജി ചെറിയാനുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് ആത്മയെ പ്രതിനിധീകരിച്ച് ദിനേശ് പണിക്കര്‍, പൂജപ്പുര രാധാകൃഷ്ണന്‍, കിഷോര്‍ സത്യ എന്നിവരാണ് മന്ത്രിയുമായി ചര്‍ച്ച നടത്തി നിവേദനം കൈമാറിയത്. സാംസ്‌കാരിക ക്ഷേമനിധിയില്‍ നിന്ന് കോവിഡ് കാലവുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചതിന് ഗണേഷ് കുമാര്‍ മന്ത്രിയ്ക്ക് നന്ദി പറഞ്ഞു. ആനുകൂല്യം ലഭിക്കാതെ വിഷമിക്കുന്ന അംഗത്വമില്ലാത്ത അനേകം കലാകാരന്‍മാര്‍ക്ക് കൂടി അത് ലഭ്യമാക്കാനുള്ള ഉത്തരവ് ഉണ്ടാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്ക് ഡൗണ്‍ മൂലമുള്ള തൊഴില്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഷൂട്ടിംഗ് പുനരാരംഭിക്കല്‍, ക്ഷേമ നിധി ബോര്‍ഡില്‍ നിന്നുള്ള സഹായം തുടങ്ങിയ വിഷയങ്ങള്‍ ആത്മ പ്രതിനിധികള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തു. പരിമിതമായ രീതിയില്‍ ടെലിവിഷന്‍ പരമ്പരകളുടെ ഷൂട്ടിംഗ് വൈകാതെ തുടങ്ങാനുള്ള നടപടികള്‍ അനുഭാവപൂര്‍ണം പരിഗണിക്കാമെന്ന് മന്ത്രി ആത്മയ്ക്ക് ഉറപ്പുനല്‍കി.
Post Your Comments