ബംഗളൂരു: ജീവിത ലക്ഷ്യം പൈലറ്റ് ആകുകയാണെന്ന് എട്ടാം വയസില്‍ തിരിച്ചറിഞ്ഞ പെണ്‍കുട്ടി ഇന്ന് ലോകത്തിന്റെ നെറുകയില്‍ എത്തിനില്‍ക്കുകയാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെ അടുത്തിടെ പുറത്തുവിട്ട ഒരു അഭിമുഖത്തിന് പിന്നാലെയാണ് സോയ അഗര്‍വാള്‍ എന്ന പേര് ലോകപ്രശസ്തമായത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടിയാണ് സോയ ചരിത്രം കുറിച്ചത്.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ബംഗളൂരുവിലേയ്ക്കുള്ള സോയയുടെ യാത്രയാണ് ചരിത്ര സംഭവമായത്. സ്ത്രീകള്‍ മാത്രമുള്ള കോക്ക്പിറ്റുമായി 2021 ജനുവരി 9നാണ് എയര്‍ ഇന്ത്യ പൈലറ്റായ സോയ AI176 വിമാനത്തില്‍ ലോകത്തിലെ ഏറ്റവം ദൈര്‍ഘ്യമേറിയ വ്യോമപാതയിലൂടെ സഞ്ചരിച്ചത്. ഹ്യൂമന്‍സ് ഓഫ് ബോംബെ അടുത്തിടെ പുറത്തുവിട്ട അഭിമുഖത്തിലാണ് സോയ തന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തെക്കുറിച്ച് മനസ് തുറന്നത്.
ആകാശത്ത് വിമാനത്തിന്റെ ശബ്ദം കേട്ടാല്‍ ടെറസിലേക്ക് ഓടുമായിരുന്നു എന്നും ഒരിക്കല്‍ വിമാനത്തില്‍ പറക്കാന്‍ കഴിഞ്ഞാല്‍ നക്ഷത്രങ്ങളെ തൊടാന്‍ കഴിയുമെന്നും സ്വപ്‌നം കാണുമായിരുന്നുവെന്ന് സോയ പറഞ്ഞു. 90കളില്‍ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയെന്നാല്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയാത്തവള്‍ എന്നാണ് അര്‍ത്ഥം. എന്നാല്‍ പത്താം ക്ലാസ് കഴിഞ്ഞതോടെ വീട്ടുകാരോട് തന്റെ സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അമ്മ കരയുകയും എങ്ങനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ സാധിച്ചെന്ന് ചോദിക്കുകയും ചെയ്തു. പൈലറ്റ് പരിശീലനം എന്നാല്‍ ചെലവേറിയതാണെന്ന് അച്ഛനും പറഞ്ഞതായി സോയ ഓര്‍ക്കുന്നു.
12-ാം ക്ലാസില്‍ സയന്‍സും ബിരുദത്തിനായി ഫിസിക്‌സും തെരഞ്ഞെടുത്തു. ഇതിന് ശേഷം സ്വന്തമായി സൂക്ഷിച്ചിരുന്ന പണമെല്ലാം ഉപയോഗിച്ച് ഏവിയേഷന്‍ കോഴ്‌സിന് ചേര്‍ന്നു. തുടര്‍ന്നുള്ള 3 വര്‍ഷം രാവിലെ 6 മണി മുതല്‍ 3.30 വരെ കോളേജ് പഠനത്തിനും ഇതിന് ശേഷമുള്ള സമയം ഏവിയേഷന്‍ കോഴ്‌സിനുമായി ഉപയോഗിച്ചു. രാത്രി 10 മണിയോടെയായിരുന്നു വീട്ടില്‍ തിരിച്ചെത്തിയിരുന്നത്. ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയതോടെ സോയയുടെ അച്ഛന്‍ ഏവിയേഷന്‍ കോഴ്‌സിനായി ലോണ്‍ എടുത്തുകൊുത്തു. എല്ലാ കടമ്പകളും കടന്ന് സോയ പൈലറ്റായി. 2004 ല്‍ ആദ്യ ഫ്‌ളൈറ്റ് ദുബായിലേക്ക്. അങ്ങനെയാണ് സോയ ആദ്യമായി നക്ഷത്രങ്ങളെ തൊട്ടത്. ഇന്ന് ഒരു ധ്രുവത്തില്‍ നിന്ന് മറ്റൊരു ധ്രുവത്തിലേക്ക് വിമാനം പറത്തിയ ലോകത്തിലെ ആദ്യ വനിതാ പൈലറ്റെന്ന നേട്ടവും സോയ സ്വന്തമാക്കിയിരിക്കുകയാണ്.
Post Your Comments