ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1908 കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് സംസ്ഥാന സർക്കാർ വാര്‍ത്താക്കുറിപ്പിലൂടെ പറയുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ‘യോഗി മോഡല്‍’ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സഹായിച്ചതെന്നാണ് യുപി സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പോസിറ്റിവിറ്റി നിരക്കിനോട് താരതമ്യം ചെയ്താണ് യു പി സര്‍ക്കാര്‍ ഈ അവകാശവാദം ഉന്നയിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ യഥാക്രമം 19, 16.4, 16.51 എന്നിങ്ങനെയാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനമെന്നും യുപി സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
ഉദ്യോഗസ്ഥര്‍ പുലര്‍ത്തിയ ജാഗ്രത, ധീരമായ തീരുമാനങ്ങള്‍, വേഗത്തിലുള്ള നടപടികള്‍ എന്നിവയാണ് രോഗമുക്തി നിരക്ക് 96.4ലേക്ക് എത്താന്‍ കാരണമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. 0.5 ശതമാനമാണ് യുപിയിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും സര്‍ക്കാര്‍ പറയുന്നു.
സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തിലും 87 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഏപ്രില്‍ 30ന് സജീവ കേസുകളുടെ എണ്ണം 3,10,783 ആയിരുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് രോഗം മൂലം ചികിത്സയിലിരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 41,214 ആണ്.
Post Your Comments