സെയ്ന്റ് ജോൺസ്: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി ഡൊമിനിക്കിൽ പിടിയിലായത് കാമുകിക്കൊപ്പമുള്ള റൊമാന്റിക് ട്രിപ്പിനിടെ. ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗണാണ് ഇക്കാര്യം അറിയിച്ചത്. ഇനി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് നാടു കടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചോക്സിയെ കസ്റ്റഡിയിലെടുക്കാൻ ഇന്ത്യയിൽ നിന്നുള്ള ഉദ്യോസ്ഥർ ഡൊമിനിക്കിൽ എത്തിയിട്ടുണ്ടെന്നും ഗാസ്റ്റൺ ബ്രൗൺ പറഞ്ഞു. ഇന്ത്യയിലേക്ക് ചോക്സിയെ നാടുകടത്തുന്നതിനാവശ്യമായ രേഖകൾ ഡൊമിനിക്കൻ അധികൃതർ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഡൊമിനിക്കയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ കസ്റ്റഡിയിലാണ് മെഹുൽ ചോക്സി.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് അനന്തരവൻ നീരവ് മോദിക്കൊപ്പം 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സി പ്രതിയായിട്ടുള്ളത്. കേസിൽ നേരത്തേ അറസ്റ്റിലായ നീരവ് മോദി ഇപ്പോൾ ലണ്ടനിലെ ജയിലിലാണ്. 2018 മുതൽ ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ ഇല്ലാത്ത ആന്റിഗ്വയിൽ താമസിക്കുന്ന മെഹുൽ ചോക്സിക്കു വേണ്ടി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണു കഴിഞ്ഞദിവസം അറസ്റ്റുണ്ടായത്.
Post Your Comments