കണ്ണൂര്‍: കേന്ദ്രത്തിന്റെ ചെകുത്താന്‍ നയമാണ് പൗരത്വനിയമമെന്ന് സി.പി.എം നേതാവ് എം.വി.ജയരാജന്‍. സംഘപരിവാറിന്റെ വര്‍ഗ്ഗീയ അജണ്ടയാണ് നടപ്പിലാക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ പൗരത്വ നിയമത്തിലൂടെ നടപ്പിലാക്കിയത് കേന്ദ്രത്തിന്റെ ഫാസിസ്റ്റ് നയമാണെന്നും സി.പി.എം നേതാവ് എം.വി ജയരാജന്‍. പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ വളഞ്ഞ വഴിയിലൂടെയാണ്. 2019ല്‍ ആണ് ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കത്തിയിറക്കി ഭരണഘടനാ വിരുദ്ധമായ നിയമം പാര്‍ലമെന്റില്‍ ഗുണ്ടായിസം നടപ്പാക്കി പാസാക്കിയത്. ആ നിയമത്തിന് ആവശ്യമായ ചട്ടം ഇതുവരെ കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ചട്ടം വരുന്നത് വരെ കാത്തിരിക്കാതെ ധൃതി പിടിച്ച് 2009 ലെ ചട്ടം അനുസരിച്ചാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചത്.ഹിന്ദു ,സിഖ്, ബുദ്ധ, പാഴ്‌സി,ജൈന്‍ ക്രൈസ്തവ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാന്‍ പറ്റൂ. മുസ്ലിം വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അപേക്ഷിക്കാന്‍ വിലക്ക് ആണ്. അതാണ് പൗരത്വ നിയമം. 2009 ലെ ചട്ടത്തില്‍ അത്തരമൊരു വിവേചന വ്യവസ്ഥയുമില്ല. നിയമവും ചട്ടവും പൊരുത്തപ്പെടണമെന്ന് സംഘികള്‍ക്ക് ആഗ്രഹവുമില്ല’.
‘ഇവ രണ്ടും തമ്മില്‍ വൈരുദ്ധ്യമുണ്ടായാലും ബിജെപി സര്‍ക്കാരിന് പ്രശ്‌നമല്ല താനും. മതാധിഷ്ഠാനത്തില്‍ പൗരത്വം പാടില്ലെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം വെട്ടിക്കീറാന്‍ മടി കാണിക്കാത്തവരാണ് സംഘപരിവാര്‍.ചെകുത്താനോട് വേദം ഓതിയിട്ട് കാര്യമില്ലെങ്കിലും ഇത്തരം ചെകുത്താന്‍ നയം ജനങ്ങള്‍ തിരിച്ചറിയും.ഭരണഘടനയിലെ അടിസ്ഥാന പ്രമാണമായ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന എല്ലാവരും കേന്ദ്ര സര്‍ക്കാരിന്റെ ഈ നയത്തിനെതിരെ പൊരുതുകയാണ് വേണ്ടതെന്നും’ അദ്ദേഹം പറയുന്നു.
Post Your Comments