KeralaLatest NewsNews

നീതിനിഷേധിക്കപ്പെട്ടവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മടങ്ങുകയാണ്; വിധി ന്യായത്തിന്റെ കഥയുമായി കെടി ജലീല്‍

പയ്യേ നിനക്കും പക്കത്താണോ ഊണെന്ന കുഞ്ചന്‍ നമ്പ്യാരുടെ വരിയും കഥയ്ക്ക് പിന്നില്‍ വാല്‍ക്കഷ്ണമായി ജലീല്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണത്തിന് നിശ്ചയിച്ച അനുപാതം റദ്ദാക്കിയ ഹൈക്കോടതി തീരുമാനത്തെക്കുറിച്ച് പുരാണത്തിലെ ഒരു സംഭവകഥ പറഞ്ഞുകൊണ്ട് നീതിനിഷേധത്തെക്കുറിച്ച് സൂചിപ്പിക്കുന്ന കെ ടി ജലീലിന്റെ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഭീമന്റെ വേഷം ധരിച്ച് കീചകന്‍ എത്തി നടത്തുന്ന വിധിന്യായങ്ങള്‍ മൂലം നീതിനിഷേധിക്കപ്പെട്ടവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മടങ്ങുകയാണെന്ന് ജലീല്‍ കഥയിലൂടെ പറഞ്ഞു. കഥ പറഞ്ഞശേഷം ഇന്നലെ അവര്‍ എന്നെ തേടിയെത്തി, ഇന്നവര്‍ ഒരു ജനതയെ തേടിയെത്തിയെന്നും ജലീല്‍ പറഞ്ഞു. പയ്യേ നിനക്കും പക്കത്താണോ ഊണെന്ന കുഞ്ചന്‍ നമ്പ്യാരുടെ വരിയും കഥയ്ക്ക് പിന്നില്‍ വാല്‍ക്കഷ്ണമായി ജലീല്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കീചകൻമാർ ഭീമ വേഷത്തിൽ

കീചകൻ പുഴയിൽ കുളിച്ച് കൊണ്ടിരിക്കെയാണ് ഭീമൻ അതേ കടവിൽ കുളിക്കാനെത്തുന്നത്. തൻ്റെ വസ്ത്രങ്ങളെല്ലാം കരയിൽ അഴിച്ചു വെച്ച് ഭീമൻ പുഴയിലേക്ക് ഇറങ്ങുമ്പോഴാണ് കീചകന് ആളെ പിടികിട്ടിയത്. പതുക്കെ ഭീമൻ്റെ ദൃഷ്ടിപഥത്തിൽ പെടാതെ കീചകൻ അവിടെ നിന്ന് മുങ്ങി. പോകുമ്പോൾ തൻ്റെ വസ്ത്രത്തിന് പകരം ഭീമൻ്റെ വസ്ത്രം എടുത്തണിഞ്ഞാണ് കീചകൻ സ്ഥലം വിട്ടത്. കുളി കഴിഞ്ഞ് കയറിയ ഭീമൻ തൻ്റെ വസ്ത്രം കാണാതെ വിഷമിച്ചു. നാണം മറക്കാൻ മറ്റുമാർഗമില്ലാതെ അവിടെ കണ്ട കീചകൻ്റെ വസ്ത്രവുമണിഞ്ഞ് മനമില്ലാ മനസ്സോടെ ഭീമൻ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. വാതിൽക്കൽ കാവൽ നിന്നിരുന്ന പാറാവുകാർ അദ്ദേഹത്തെ തടഞ്ഞു. മഹാരാജാവ് രാജസദസ്സിൽ പ്രമാദമായ ഒരു കേസിൻ്റെ വിധി പറയുകയാണെന്നും അത്കൊണ്ട് തൽക്കാലം കടത്തി വിടാൻ കഴിയില്ലെന്നും കീചക വേഷമണിഞ്ഞെത്തിയ ‘ഭീമനോട്’ അവർ പറഞ്ഞു. അപ്പോഴാണ് പുഴക്കടവിൽ നിന്ന് തൻ്റെ വസ്ത്രം ധരിച്ച് ഒളിച്ചു കടന്നത് കീചകനാണെന്ന് ഭീമൻ മനസ്സിലാക്കുന്നത്.

Read Also: പുരാതന ശിവക്ഷേത്രം അനധികൃതമായി കയ്യേറി ബിരിയാണി വില്‍പ്പന

നീതി കിട്ടേണ്ടവർ നീതി നിഷേധിക്കപ്പെട്ട് പൊട്ടിക്കരഞ്ഞ് കൊട്ടാര വാതിലുകൾ കടന്ന് പുറത്തു വരുമ്പോഴാണ് വേഷപ്രച്ഛന്നനായെത്തിയ കീചകൻ തൻ്റെ കസേരയിലിരുന്ന് അന്യായം ന്യായമാക്കി നീതി കിട്ടേണ്ടവർക്ക് അത് നിഷേധിച്ചിരിക്കുന്നു എന്ന് ഭീമൻ മനസ്സിലാക്കുന്നത്. കീചകൻ്റെ അതിസാമർത്ഥ്യവും ചതിയും ജനങ്ങൾക്ക് ബോധ്യമാകുന്നത് വരെ കാത്തിരിക്കാൻ ഭീമൻ തിരുമാനിച്ചു. തിരിഞ്ഞ് നടക്കുമ്പോൾ എങ്ങും എവിടെയും വേഷം മാറിയെത്തി നെറികേട് കാണിക്കുന്ന ഒരുപാട് കീചകൻമാരെയാണ് ഭീമന് കാണാൻ സാധിച്ചത്. വാൽക്കഷണം: ചുറ്റുനിന്നുമുള്ള അബദ്ധജഡിലമായ തീരുമാനങ്ങൾ കേൾക്കുമ്പോൾ കുഞ്ചൻ നമ്പ്യാർ പണ്ട് പറഞ്ഞതാണ് ഓർമ്മ വരുന്നത്; ”പയ്യേ നിനക്കും പക്കത്താണോ ഊണ്”

shortlink

Related Articles

Post Your Comments

Related Articles


Back to top button