ബാഴ്‌സലോണ: സൂപ്പര്‍ ലീഗുമായി മുന്നോട്ടുപോകുമെന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. ചാമ്പ്യന്‍സ് ലീഗില്‍ വിലക്ക് നേരിടേണ്ടി വന്നാല്‍ നിയമ പോരാട്ടം നടത്തും. ഇതിന്റെ പേരില്‍ പിഴ അടയ്ക്കാനോ മാപ്പ് പറയാനോ ക്ലബ്ബ് തയ്യാറാകില്ലെന്ന് പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട വ്യക്തമാക്കി.
ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിലക്കിയാല്‍ ക്ലബ്ബ് കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കും. ക്ലബ്ബിന്റെ താത്പ്പര്യത്തിന് വേണ്ടി പോരാടുമെന്നും സുസ്ഥിരമായ ഒരു ഫുട്ബാള്‍ മാതൃക വികസിപ്പിക്കുമെന്നും ലപ്പോര്‍ട്ട പറഞ്ഞു. ഇതോടെ യുവേഫയ്‌ക്കെതിരെ തുറന്ന പോരിലേയ്ക്ക് ബാഴ്‌സലോണ കടക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ് ക്ലബുകള്‍ ഒഴികെ ഒന്‍പത് ടീമുകളും സൂപ്പര്‍ ലീഗില്‍ നിന്നും പിന്മാറിയിരുന്നു. പിന്മാറാന്‍ തയ്യാറാകാത്ത ക്ലബ്ബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുവേഫ അറിയിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബാഴ്‌സലോണ രംഗത്തെത്തിയത്.
സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ ക്ലബ്ബുകള്‍ തയ്യാറായില്ലെങ്കില്‍ അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള ഒരു ടൂര്‍ണ്ണമെന്റും കളിക്കാന്‍ അനുവദിക്കില്ലെന്നാണ് യുവേഫയുടെ മുന്നറിയിപ്പ്. റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസിന്റെ നേതൃത്വത്തിലാണ് പുതിയ ലീഗ് രൂപീകരിച്ചത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് യുവേഫ ചാമ്പ്യന്‍സ് ലീഗിന് ബദലായാണ് സൂപ്പര്‍ ലീഗ് എന്ന ആശയം ക്ലബ്ബുകള്‍ മുന്നോട്ടുവെച്ചത്.
Post Your Comments