തിരുവനന്തപുരം: ഇത് നെഹ്‌റു സ്വപ്നം കണ്ട ഇന്ത്യയല്ല. ആ ഇന്ത്യ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇനിയും ഒട്ടേറെ ദൂരം മുന്നോട്ടു പോകാനുണ്ടെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമദിന അനുസ്മരണത്തിലാണ് സ്പീക്കറുടെ ഈ വാക്കുകള്‍. തന്റെ ഫേസ്‌കുറിപ്പിലാണ് നെഹ്‌റുവിന്റെ സ്വ്പനത്തെ കുറിച്ച് അദ്ദേഹം പ്രതിപാദിച്ചത്.
Read Also : ഒഎന്‍വി സാഹിത്യ പുരസ്‌ക്കാരം വൈരമുത്തുവിന് നല്‍കുന്നതിന് എതിരെ പ്രതിഷേധം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവാഹര്‍ലാല്‍ നെഹ്റുവിനെ അദ്ദേഹത്തിന്റെ ചരമദിനത്തില്‍ ആദരവോടെ സ്മരിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ നെഹ്റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും നന്നായി തിരിച്ചറിഞ്ഞ നേതാവാണ് നെഹ്റു. ഇന്ത്യ എന്ന ആശയത്തിന്റെയും ആധുനിക ഇന്ത്യ എന്ന രാഷ്ട്ര സങ്കല്പത്തിന്റെയും ശക്തനായ വക്താവായിരുന്നു അദ്ദേഹം.
തികഞ്ഞ മതനിരപേക്ഷവാദിയും ജനാധിപത്യ മൂല്യങ്ങളോട് ബഹുമാനം പുലര്‍ത്തുകയും ചെയ്ത നേതാവാണ് അദ്ദേഹം. അണക്കെട്ടുകള്‍ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണെന്ന്, ഭക്ര നംഗല്‍ അണക്കെട്ടിന്റെ നിര്‍മാണം ഉദ്ഘാടനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ നെഹ്‌റു പറഞ്ഞത് വലിയ ശ്രദ്ധ നേടി. വന്‍കിട വ്യവസായ ശാലകളും ഭക്രനംഗല്‍ പോലുള്ള വലിയ അണക്കെട്ടുകളും നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയ അദ്ദേഹം ആധുനിക ഇന്ത്യയുടെ സൃഷ്ടിയില്‍ സുപ്രധാന പങ്കു വഹിച്ചു. ശാസ്ത്രബോധം, യുക്തിചിന്ത എന്നിവ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു.
1947 ആഗസ്ത് 15ന് അദ്ദേഹം നടത്തിയ ചരിത്രപ്രസിദ്ധമായ സ്വാതന്ത്യദിന പ്രസംഗത്തില്‍ പറഞ്ഞു, ‘ We have to build the noble mansion of free India where all her children may dwell.’ എല്ലാ ഭാരതീയര്‍ക്കും സാഹോദര്യത്തോടെ വസിക്കാന്‍ കഴിയുന്ന സ്വതന്ത്ര ഇന്ത്യ എന്ന മഹത്തായ സൗധം പടുത്തുയര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ആ സ്വപ്നം ഇന്നും വളരെ പ്രസക്തമാണ്. നമ്മെ നിരവധി ഉത്തരവാദിത്വങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതുമാണ്. ഭരണഘടനാ അസംബ്ലിയില്‍ ഒബ്ജക്റ്റീവ് റസല്യൂഷന്‍ അവതരിപ്പിച്ചത് നെഹ്രുവാണ്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ആശയമാണ് അതില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞത്. മഹത്തായ നമ്മുടെ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ അംബേദ്കറെ പോലെ സുപ്രധാന പങ്കു വഹിച്ചു നെഹ്‌റു.
എന്റെ മൂത്ത മകള്‍ നിരഞ്ജനക്ക് ഞാന്‍ ആദ്യമായി വായിക്കാന്‍ കൊടുത്ത പുസ്തകം, നെഹ്രുവിന്റെ, ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകളാ’ണ്. ഒക്ടോബര്‍ വിപ്ലവം നടന്ന വര്‍ഷത്തിലാണ് ജനിച്ചതെന്നതുകൊണ്ടു മകള്‍ ഇന്ദിര ഭാഗ്യം ചെയ്തവളാണെന്ന് നെഹ്റു ഈ ഗ്രന്ഥത്തില്‍ പറയുന്നു. അത്രയും പുരോഗമനവാദിയായിരുന്നു അദ്ദേഹം. നെഹ്റു സ്വപ്നം കണ്ട ഇന്ത്യയെ യാഥാര്‍ഥ്യമാക്കാന്‍ ഇനിയും ഏറെ ദൂരം പോകാനുണ്ട്. അതിനായി കൂട്ടായി യത്‌നിക്കാം. അദ്ദേഹത്തിന്റെ സ്മരണക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
Leave a Comment