കൊച്ചി : 40 ദിവസമായി അസമിലും ബംഗാളിലുമായി കുടുങ്ങിക്കിടക്കുന്ന മലയാളി ബസ് ജീവനക്കാരുടെ ആശങ്കയേറ്റി മരണവാർത്ത. അസം–ബംഗാൾ അതിർത്തിയിൽ കേരളത്തിൽ നിന്നു പോയ ഒരു ജീവനക്കാരൻ ഇന്നലെ കുഴഞ്ഞുവീണു മരിച്ചു. ലോക്ഡൗണിൽ കുടുങ്ങിപ്പോയ മലയാളി ബസ് ഡ്രൈവർ ആണ് മരിച്ചത്. പാവറട്ടി വെന്മേനാട് കൈതമുക്കു സ്വദേശി കെ.പി.നജീബ് 46) ആണ് അസം – ബംഗാൾ അതിർത്തി പ്രദേശമായ അലിപൂരിൽ മരിച്ചത്.
മുതുവറയിലെ ജയ്‌ഗുരു ബസിന്റെ ഡ്രൈവറാണ്. കടുത്ത ആശങ്കയിലാണ് ഇവിടെ കഴിയുന്നതെന്ന് ബംഗാൾ മുർഷിദാബാദ് ജില്ലയിലെ ദോംകൾ പട്ടണത്തിൽ ക്യാംപ് ചെയ്യുന്ന കൊച്ചി സ്വദേശി സംഗീത്കുമാർ, കൊല്ലം സ്വദേശി ഷഫീഖ് എന്നിവർ പറഞ്ഞു.കേരളത്തിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുമായിപ്പോയ 400 ബസുകളാണ് ഇവിടെ പാർക്ക് ചെയ്തിരിക്കുന്നത്. ബസുകളുടെ മടക്കയാത്രയിൽ അനിശ്ചിതത്വം തുടരുകയാണ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ ഇതിലുണ്ട്. ഏജന്റുമാർ മുഖേനയാണു തൊഴിലാളികളെ എത്തിച്ചത്. വോട്ട് ചെയ്യിച്ചു തിരികെക്കൊണ്ടുവരാനായിരുന്നു പരിപാടി. എന്നാൽ ലോക്ഡൗൺ വന്നതോടെ ഒരു ഭാഗത്തേക്കുമാത്രമുള്ള പ്രതിഫലം നൽകി ഏജന്റുമാർ മുങ്ങി. ഇപ്പോൾ ഫോണിൽ മാത്രമാണ് ഇവരുമായുള്ള സമ്പർക്കം. ആയിരത്തിലേറെ ജീവനക്കാരാണ് ദുരിതം നേരിടുന്നത്. ബസുകളുടെ പെർമിറ്റ് പുതുക്കി നൽകാൻ സഹായിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം തിരിച്ചുവരവിനു സഹായകമാകുന്നില്ലെന്നു ജീവനക്കാർ പറയുന്നു.
പെരുമ്പാവൂരിൽനിന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യിക്കാനായി അതിഥിത്തൊഴിലാളികളുമായി അസമിലേക്കും ബംഗാളിലേക്കും പുറപ്പെട്ട ബസുകളാണു ലോക്ഡൗൺ കാരണം വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ലോക്ഡൗൺ കഴിയാതെ തിരിച്ചുവരവു സാധ്യമാകാത്ത സ്ഥിതിയാണ്. തൊഴിലാളികൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരികെ വരാൻ തയാറാകുന്നില്ല.
ഈ സ്ഥിതിയിൽ യാത്രക്കാരില്ലാതെ ആയിരക്കണക്കിനു കിലോമീറ്റർ യാത്ര ചെയ്തെത്തുന്നതു വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഇന്ധനമടിക്കാൻതന്നെ അര ലക്ഷത്തോളം രൂപ വേണം. ടോൾ മാത്രം 12,000 രൂപയാണ്. ഇതിനു പുറമേ ഓരോ ചെക്പോസ്റ്റിലും പൊലീസ് പരിശോധനാ സ്ഥലത്തും കോഴ നൽകണം. എന്തുചെയ്യണമെന്നറിയാതെ അവസ്ഥയിലാണ് ബസുടമകളും ജീവനക്കാരും.
Post Your Comments