സിയൂള്‍: കോവിഡിനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ മാസ്ക് ഒഴിവാക്കുന്നു. ഏറ്റവും ഒടുവിലായി ദക്ഷിണ കൊറിയയാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മാസ്ക് ഒഴിവാക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
ഒരു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ ജൂലൈ മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ല. മുതിര്‍ന്ന പൗരന്മാര്ക്ക് വാക്സിന് സ്വീകരിക്കാന്‍ കൂടുതല്‍ പ്രചോദനം നല്‍കാനായാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 7.7 ശതമാനം ആളുകള്‍ മാത്രമാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്. എന്നാല്‍, സെപ്റ്റംബറോടെ 52 മില്ല്യണ്‍ ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കും വാക്സിന് നല്‍കാനാണ് ദക്ഷിണ കൊറിയ ലക്ഷ്യമിടുന്നത്.
ഒരു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ജൂണ്‍ മുതല്‍ പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടാനും അനുമതി നല്‍കിയിട്ടുണ്ട്. 70 ശതമാനം ആളുകള്‍ക്ക് വാക്സിന് നല്കി കഴിഞ്ഞാല്‍ ഒക്ടോബര്‍ മുതല്‍ ക്വാറന്റൈന് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്തും. കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് പ്രധാനമന്ത്രി കിം ബൂ-ക്യും അറിയിച്ചു. പുതുതായി 707 പേര്‍ക്കാണ് ദക്ഷിണ കൊറിയയില്‍ കോവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,37,682 ആയി. 1,940 മരണങ്ങളാണ് ദക്ഷിണ കൊറിയയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments