ന്യൂഡൽഹി: തീവ്രവാദ കേസുകളില്‍ അന്വേഷണം കൈകാര്യം ചെയ്തതിലെ ട്രാക്ക് റെക്കോർഡ് ആണ് പുതിയ സിബിഐ ഡയറക്ടർ സുബോധ് കുമാറിന് തുണയായത്. മഹാരാഷ്ട്ര ഐ പി എസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ ജയ്‌സ്വാൾ 2008ലെ മുംബയ് ഭീകരാക്രമണ സമയത്ത് മഹാരാഷ്ട്ര സ്റ്റേറ്റ് ഇന്‍റലിജന്‍സ് ബ്യൂറോയുടെ തലവനായിരുന്നു. രഹസ്യാന്വേഷണ വിഭാഗമായ റോയിലും സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലും (എസ് പി ജി) അടക്കം പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചയാളാണ് പുതിയ സി ബി ഐ ഡയറക്ടർ.
മഹാരാഷ്ട്രയില്‍ തെല്‍ഗി സ്റ്റാമ്പ് പേപ്പര്‍ അഴിമതി കേസ് സി ബി ഐ ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം അന്വേഷിച്ചിരുന്നു. തുടര്‍ന്ന് സ്റ്റേറ്റ് റിസര്‍വ് പൊലീസ് സേനയുടെ തലവനായ അദ്ദേഹം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ ചേരുകയായിരുന്നു. എല്‍ഗര്‍ പരിഷത്ത്, ഭീമ കൊറേഗാവ് അക്രമകേസുകളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചതും ഇദ്ദേഹമാണ്.
തീവ്രവാദ കേസുകളിലെ അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും രഹസ്യാന്വേഷണ വിഭാഗങ്ങളിലും സുബോധ് കുമാറിന് മികച്ച പരിചയ സമ്പത്തും ട്രാക്ക് റെക്കോഡുമുണ്ട്. 1985 ബാച്ച് ഐ പി എസ് ഓഫീസറായ സുബോധ് കുമാര്‍ ജയ്‌സ്വാള്‍ നിലവില്‍ സി ഐ എസ് എഫ് ഡയറക്‌ടര്‍ ജനറലാണ്. മഹാരാഷ്ട്ര ഡി ജി പി ആയിരിക്കെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് രണ്ടാമതും പോകുന്നത്.
Post Your Comments