തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി സിപിഎമ്മിന്റെ യുവ നേതാവ് എംബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി പിസി വിഷ്ണുനാഥിനെതിരെ 56 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. എംബി രാജേഷ് 96 വോട്ട് നേടിയപ്പോൾ പിസി വിഷ്ണുനാഥിന് 40 വോട്ടാണ് നേടാനായത്. ഒരു മണിക്കൂറോളം സമയമെടുത്താണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. എന്നാൽ പ്രോ ടൈം സ്പീക്കറായ പിടിഎ റഹീമും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. നിയമസഭാ നടപടികൾ പൂർത്തിയാക്കിയ ശേഷം നിയമസഭയ്ക്ക് പുറത്തെത്തി മഹാത്മാ ഗാന്ധി പ്രതിമയിലും ഇഎംഎസിന്റെ പ്രതിമയിലും പുഷ്പാർച്ചന നടത്തിയ ശേഷം സ്പീക്കർ മാധ്യമങ്ങളോട് പ്രതികരിക്കുമെന്നാണ് കരുതുന്നത്.
എന്നാൽ നിയമസഭയിലേക്കുള്ള കന്നിയംഗത്തിൽ തന്നെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടെന്ന നേട്ടവും എംബി രാജേഷിന് സ്വന്തമായി. കേരള നിയമസഭയിലെ 23ാമത് സ്പീക്കറാണ് അദ്ദേഹം. എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രോ ടൈം സ്പീക്കർ സ്ഥാനമൊഴിഞ്ഞു. എംബി രാജേഷിനെ സ്പീക്കർ സീറ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുഗമിച്ചു.
Post Your Comments