
ന്യൂഡൽഹി: വിവാദങ്ങൾക്ക് വഴിയൊരുക്കിയ ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര സർക്കാർ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരായ ആരോപണം തള്ളി കേന്ദ്രം. അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റൊരു കശ്മീര്‍ സൃഷ്ടിക്കാനാണ് കേന്ദ്ര നീക്കമെന്നും, അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുന്‍ നിശ്ചയിച്ച ഭരണപരമായ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കാനേ അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നുള്ളൂവെന്നാണ് വിശദീകരണം. തീരസംരക്ഷണത്തിന്‍റെ ഭാഗമായി അന്‍പത് മീറ്ററിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നായിരുന്നു ആദ്യ ചട്ടം എന്നാല്‍ പീന്നീട് 50 എന്നത് 20 മീറ്ററാക്കി. ഇരുപത് മീറ്ററിനുള്ളില്‍ നിര്‍മ്മിച്ച ഷെഡ്ഡുകളടക്കം മാറ്റിയ നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കാനും വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
വ്യാജ മദ്യ ലോബിയെ നിയന്ത്രിക്കാനാണ് ടൂറിസ്റ്റുകള്‍ക്ക് മദ്യം അനുവദിക്കാന്‍ ആലോചിക്കുന്നത്. ബീഫ് നിരോധനം, മദ്യവില്‍പനാനുമതി എന്നിവയിലുള്ള ശുപാര്‍ശകള്‍ പരിഗണനയില്‍ മാത്രമാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കൂടാതെ ജനസംഖ്യ നിയന്ത്രണത്തിന്‍റെ ഭാഗമായാണ് രണ്ടിലധികം കുട്ടികള്‍ ഉള്ളവരെ തിരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാന്‍ തീരുമാനിച്ചത്. അതേസമയം പ്രധാനമന്ത്രിയുടെ വിശ്വസ്തനായതിന്‍റെ പേരില്‍ നടത്തിയ നിയമനം റദ്ദു ചെയ്യണമെന്നും പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. കശ്മീരില്‍ പിടി മുറുക്കിയ പോലെ ലക്ഷദ്വീപിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് കേന്ദ്ര ശ്രമമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ്‌വഴക്കം ലംഘിച്ചാണ് പ്രഫുല്‍പട്ടേലിനെ ആദ്യം ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയില്‍ നിയമിച്ചതും പിന്നീട് ലക്ഷദ്വീപിന്‍റെ അധിക ചുമതല നല്‍കുന്നതും.
Post Your Comments