ന്യൂഡല്‍ഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ് ബാധ. കോവിഡാനന്തര ഫംഗസ് ബാധ അതിവേഗം പടര്‍ന്നുപിടിക്കുന്നത് ആരോഗ്യവിദഗ്ദ്ധരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഒരു വ്യക്തിയില്‍ തന്നെ മൂന്ന് തരം ഫംഗസ് ബാധയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാസിയാബാദില്‍ കോവിഡ് മുക്തി നേടിയ 45കാരനിലാണ് ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ് ബാധ അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡാനന്തര ചികിത്സയില്‍ കഴിയുന്ന വ്യക്തിയിലാണ് മൂന്ന് ഫംഗസുകളുടെയും സാന്നിധ്യം കണ്ടെത്തിയത്.
സി.ടി സ്‌കാന്‍ എടുത്തെങ്കിലും അതിലൊന്നും ഈ ഫംഗസ് ബാധ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ എന്‍ഡോസ്‌കോപ്പി പരിശോധന നടത്തിയ ശേഷമാണ് മൂന്നുതരം ഫംഗസുകള്‍ ബാധിച്ചതായി വ്യക്തമായതെന്ന് ഇയാളെ ചികിത്സിച്ച ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ ബി.പി. ത്യാഗി പറഞ്ഞു. ഇപ്പോള്‍ ആംഫോടെറിസിന്‍ – ബി ഉപയോഗിച്ചുള്ള ചികിത്സയാണ് നടത്തുന്നതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ആവശ്യമായ മരുന്നുകള്‍ എത്തിക്കാം എന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായും ഡോക്ടര്‍ പറഞ്ഞു.
ഗാസിയാബാദിലെ സഞ്ജയ് നഗര്‍ സ്വദേശിയായ രോഗിക്ക് കോവിഡ് മുക്തി നേടിയതിന് പിന്നാലെ കണ്‍തടങ്ങള്‍ വീര്‍ത്തുവരികയും മൂക്കിലൂടെ രക്തംവരികയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയനാകുകയായിരുന്നു.
ഒരാളില്‍ തന്നെ മൂന്ന് തരത്തിലുള്ള ഫംഗസ് ബാധ കണ്ടെത്തിയത് അസാധാരണമാണെന്നും ഈ കേസിനെക്കുറിച്ച് അധികൃതരെ വിവരമറിയിച്ചതായും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ. ഗുപ്ത മാദ്ധ്യമങ്ങളോട് പറഞ്ഞു.
Post Your Comments