ഭോപ്പാല്‍: വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണം നടത്താനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം.
അഡീഷണല്‍ തഹസില്‍ദാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘത്തെയാണ് ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചത്. ഇവര്‍ക്കെതിരെ കൂട്ടമായി എത്തിയ ആളുകള്‍ അസഭ്യവര്‍ഷം നടത്തുന്നതും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മലിഖേദി ഗ്രാമവാസികള്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവാത്തതിനാലാണ് ബോധവത്ക്കരണത്തിനായി ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയത്. നേരത്തെയും ബോധവത്ക്കരണത്തിനായി ആരോഗ്യപ്രവര്‍ത്തകരുടെ സംഘം മലിഖേദിയില്‍ എത്തിയിരുന്നുവെന്നും അന്നും ഇവരെ ഭീഷണിപ്പെടുത്തി മടക്കി അയക്കുകയാണ് ഉണ്ടായതെന്നും എഡീഷണല്‍ എസ്പി ആകാശ് ഭൂരിയ പറഞ്ഞു.
വാക്‌സിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെയും അന്ധവിശ്വാസങ്ങളെയും കുറിച്ച് ഗ്രാമവാസികളെ ബോധവാന്‍മാരാക്കാനും വാക്‌സിന്‍ സ്വീകരിക്കാന്‍ സജ്ജരാക്കാനുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയത്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. സംഭവത്തില്‍ പങ്കാളികളായ കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
Post Your Comments