തിരുവനന്തപുരം: സംസ്ഥാനത്ത് മലഞ്ചരക്ക് കടകള്‍ തുറക്കാന്‍ അനുമതി. മലഞ്ചരക്ക് കടകള്‍ വയനാട്, ഇടുക്കി ജില്ലകളില്‍ ആഴ്ചയില്‍ രണ്ട് ദിവസവും മറ്റ് ജില്ലകളില്‍ ഒരു ദിവസവും തുറക്കാന്‍ അനുവദിക്കും. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
റബ്ബര്‍ തോട്ടങ്ങളിലേക്ക് റെയിന്‍ ഗാര്‍ഡ് വാങ്ങണമെങ്കില്‍ അതിന് ആവശ്യമായ കടകള്‍ നിശ്ചിത ദിവസം തുറക്കാന്‍ അനുവാദം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെത്തുകല്ല് വെട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കല്ല് കൊണ്ടുപോകുന്ന വാഹനങ്ങളെ തടയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കും. ലോക്ക് ഡൗണില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അതിന് ആവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത ദിവസം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ ബാങ്കുകാരെ ഉള്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിച്ച് അനുകൂല തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം കാണും. കോവിഷീല്‍ഡ് രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നല്‍കാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്. അതിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളവര്‍ തിരിച്ചു പോകേണ്ടത് എങ്കില്‍ ജോലി നഷ്ടപ്പെടരുത്. ആവശ്യമായ നടപടി സ്വീകരിക്കും. ഏത് രീതിയില്‍ ഇളവ് അനുവദിക്കാന്‍ പറ്റും എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments