തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളെപ്പറ്റി പരാതിയറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഒരേകാര്യത്തിന് രണ്ട് ആപ്പോ? എന്ന് ചോദിക്കുകയാണ് ശ്രീജിത്ത്. 2018 ഓഗസ്റ്റിൽ ഇതേ ആശയവുമായി ഇതേ വകുപ്പുതന്നെ ‘പിഡബ്ല്യുഡി ഫിക്സിറ്റ്’ എന്നൊരു മൊബൈൽ ആപ്പ് അവതരിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് റിയാസിനെതിരെ പരോക്ഷമായി വിമർശനം ഉന്നയിക്കുന്നത്. ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ.
കഴിഞ്ഞ വർഷം ജനുവരിയിലെ ലോക കേരളസഭയിലെ ഒരു പ്രധാന തീരുമാനം ‘വിദേശഭാഷകൾ പഠിപ്പിക്കാൻ കേരളത്തിൽ സെന്ററുകൾ തുടങ്ങുക’ എന്നതായിരുന്നു. എന്നാൽ ഇതേ തീരുമാനം തന്നെയാണ് 2018 ജനുവരിയിൽ നടത്തിയ ലോക കേരളസഭയിലും എടുത്തിരുന്നത്. രണ്ടു കൊല്ലം കൊണ്ട് ഈ വിഷയത്തിൽ എന്തുചെയ്തു എന്ന് അധികമാരും ചോദിച്ചില്ല. ഞാൻ ചോദിച്ചിരുന്നു കേട്ടോ, ഒരു ചർച്ചയിൽ, അന്നത്തെ സാമാജികൻ രാജു എബ്രഹാമിനോട്. ഇപ്പോൾ ഇതാ പൊതുമരാമത്ത് മന്ത്രി പറയുകയാണ് സംസ്ഥാനത്തെ റോഡുകളെക്കുറിച്ച് പരാതിയുണ്ടെങ്കിൽ അത് രേഖപ്പെടുത്താൻ ഒരു മൊബൈൽ ആപ്പ് തയ്യാറാകുന്നു എന്ന്. പരാതി പരിഹരിച്ച ശേഷം ആപ്പിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമത്രേ. 2018 ഓഗസ്റ്റിൽ ഇതേ ആശയവുമായി ഇതേ വകുപ്പുതന്നെ ‘പിഡബ്ല്യുഡി ഫിക്സിറ്റ്’ എന്നൊരു മൊബൈൽ ആപ്പ് അവതരിപ്പിച്ചിരുന്നു. ആപ്പ് ഇപ്പോഴും പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും ലഭ്യമാണ്. അപ്പോൾ ഇനിയെന്തിനാണ് അതേ ആവശ്യവുമായി മറ്റൊരു ആപ്പ്? [ആപ്പ് ജോക്ക് നടത്തിയ പണിക്കരെ ചാനലുകൾ ബഹിഷ്കരിക്കുക]
Post Your Comments