ന്യൂഡല്‍ഹി: സി ബി എസ് ഇ ഉള്‍പ്പടെയുള്ള ബോര്‍ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. നാളെ നടക്കുന്ന യോഗത്തില്‍, സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, കേന്ദ്ര വിദ്യാഭ്യാസമന്ത്രിയും ഉണ്ടാകും. സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് പുറമേ, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്സണ്‍മാര്‍ എന്നിവരും പങ്കെടുക്കും.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളും സി.ബി.എസ്.ഇയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കുയാണ്. എന്നാല്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നത് വിദ്യാര്‍ത്ഥികളില്‍ മാനസിക സംഘര്‍ഷത്തിന് കാരണമാകുമെന്ന അഭിപ്രായം ശക്തമായതോടെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സി ബി എസ് ഇ ഉള്‍പ്പടെയുള്ള ബോര്‍ഡ് പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ആലോചന നടത്തുകയാണെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. കൊവിഡ് വ്യാപനം വിദ്യാഭ്യാസ മേഖലയെ, പ്രത്യേകിച്ച് ബോര്‍ഡ് പരീക്ഷകളെയും പ്രവേശന പരീക്ഷകളെയും ബാധിച്ചിട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്.
Post Your Comments