ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താര കുടുംബമാണ് ബോണി കപൂറിന്റേത്.
അച്ഛന്റെ രണ്ടാം വിവാഹം തന്നെ എങ്ങനെ ബാധിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് യുവതാരം അർജുൻ കപൂർ. നിർമാതാവ് ബോണി കപൂറിന് ആദ്യ വിവാഹത്തിൽ ജനിച്ച മകനാണ് അർജുൻ. പിന്നീട് ബോണി കപൂർ താരറാണിയായ ശ്രീദേവിയെ രണ്ടാം വിവാഹം ചെയ്യുമ്പോൾ അർജുന് പതിനൊന്ന് വയസ് ആയിരുന്നു പ്രായം.
പിന്നീട് അമ്മയ്ക്കും സഹോദരി അൻഷുലയ്ക്കുമൊപ്പമായിരുന്നു അർജുന്റെ ജീവിതം. മാതാപിതാക്കൾ വേർപിരിഞ്ഞപ്പോൾ അച്ഛനുമായുള്ള തന്റെ ബന്ധത്തെ അത് ഏറെ ബാധിച്ചിരുന്നുവെന്ന് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ അർജുൻ വ്യക്തമാക്കി.
‘പ്രണയത്തിന്റെ കാര്യത്തിൽ അച്ഛൻ ഒരു തിരഞ്ഞെടുപ്പ് നടത്തി. എന്ത് തടസ്സങ്ങൾ നേരിട്ടാലും ഞങ്ങൾ അച്ഛന്റെ പക്ഷത്തുണ്ടായിരിക്കണമെന്ന് അമ്മ എന്നോട് പറയാറുണ്ടായിരുന്നു. വീണ്ടുമൊരു പ്രണയം കണ്ടെത്തിയതിൽ അച്ഛനോട് എനിക്ക് ബഹുമാനമുണ്ട്. പ്രണയം എന്നത് സങ്കീർണമാണ്. ഈ 2021 ലും ഇവിടെയിരുന്ന് നിങ്ങൾക്ക് ഒരിക്കൽ മാത്രമേ പ്രണയം കണ്ടെത്താനാകൂ എന്ന് പറയുന്നത് എന്ത് ബാലിശമാണ്. നിങ്ങൾക്ക് ആരുമായും പ്രണയത്തിലാകാം, ചിലപ്പോൾ അതിനു ശേഷം മറ്റൊരാളോട് പ്രണയം തോന്നാം, ഇതെല്ലാം മനസ്സിലാക്കേണ്ടതുണ്ട് ‘. അർജുൻ കപൂർ പറയുന്നു.
Post Your Comments