ലകനൗ: കോവിഡ് വൈറസിനെതിരെ അത്ഭുതകരമായ തിരിച്ചുവരവ് നടത്തി യോഗി സര്‍ക്കാര്‍. രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായിരുന്നിട്ടും കോവിഡിനെതിരെ മികച്ച പ്രതിരോധമാണ് ഉത്തര്‍പ്രദേശ് ഉയര്‍ത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നോട്ടുവെച്ച പ്രതിരോധ നടപടികള്‍ ഫലപ്രദമായെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
Also Read: ‘എന്റെ ഗ്രാമം, കൊറോണ മുക്ത ഗ്രാമം’; കോവിഡിനെ നേരിടാന്‍ വ്യത്യസ്ത പദ്ധതിയുമായി യോഗി സര്‍ക്കാര്‍
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 68 ശതമാനം കുറവാണ് യുപിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം മൂര്‍ധന്യാവസ്ഥയിലെത്തിയ ഏപ്രില്‍ 23ന് 2.10 ലക്ഷം കോവിഡ് ബാധിതരായിരുന്നു യുപിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 1.87 ലക്ഷമായി കുറഞ്ഞെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് അറിയിച്ചു. പുതുതായി 7,335 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. ഏപ്രില്‍ 30ന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഏപ്രിലില്‍ 22 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ വെറും 2.67 ശതമാനമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 92.5 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. പുതുതായി രോഗമുക്തി നേടുന്നവരില്‍ 74.55 ശതമാനവും ഉത്തര്‍പ്രദേശിലാണ്. ഇതുവരെ 1.6 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയും യുപി കോവിഡിനെതിരെ പ്രതിരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ട്രേസിംഗ്, ടെസ്റ്റിംഗ്, ട്രാക്കിംഗ് ആന്‍ഡ് ട്രീറ്റ്‌മെന്റ് എന്ന ഫോര്‍മുലയാണ് യുപി സര്‍ക്കാര്‍ വിജയകരമായി പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത്.
മെയ് 19ന് റെക്കോര്‍ഡ് കോവിഡ് പരിശോധനയാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. 2,97,327 സാമ്പിളുകളാണ് മെയ് 19ന് പരിശോധിച്ചത്. ഇതില്‍ 73 ശതമാനം പരിശോധനകളും ഗ്രാമീണ മേഖല കേന്ദ്രീകരിച്ചാണ് നടത്തിയത്. പ്രതിദിനം ഒരു ലക്ഷത്തിലധികം പരിശോധനകളാണ് ഗ്രാമീണ മേഖലയില്‍ മാത്രം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
Post Your Comments