തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ പ്രതികരണവുമായി സമസ്ത. മന്ത്രി സഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ നിറം കെടുത്തി. മുഖ്യമന്ത്രിയില്‍ നിന്നും തികഞ്ഞ സാമൂഹിക നീതിയാണ് പ്രതീക്ഷിക്കുന്നത്. ആരുടെയെങ്കിലും സമ്മര്‍ദത്തിന് അദ്ദേഹം വഴിപ്പെടും എന്ന് കരുതുന്നില്ലെന്നും സമസ്ത മുഖപത്രം പറയുന്നു. ഇകെ വിഭാഗത്തിന്റെ മുഖപത്രത്തിലൂടെയാണ് ഇത്തത്തില്‍ വിമര്‍ശനം ഉയര്‍ത്തിയത്.
മുഖ്യമന്ത്രിക്ക് മുസ്ലിം സമുദായത്തിലെ അംഗത്തില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് വകുപ്പ് തിരിച്ചെടുത്തതെന്ന് ഇകെ വിഭാഗം യുവജന സംഘടനയായ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രതികരിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് കെെകാര്യം ചെയ്യുന്നതില്‍ നേരത്തെ വി. അബ്ദുറഹ്മാനാണ് സാദ്ധ്യത കല്‍പ്പിച്ചിരുന്നത്. ഇത്തരത്തിലുളള വാര്‍ത്തയായിരുന്നു പുറത്തുവന്നിരുന്നതും.
ഇതിനെതിരെ ക്രെെസ്തവ സഭകള്‍ രംഗത്തെത്തുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇത്തരം സമ്മർദ്ദത്തിന് വഴങ്ങിയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്ന വിമര്‍ശനം ഇപ്പോള്‍ ഉയരുന്നുണ്ടെന്നും മുഖപത്രം പറയുന്നു. മുന്‍ മന്ത്രിസഭയില്‍ കെ.ടി. ജലീല്‍ വഹിച്ചിരുന്ന വകുപ്പ് ഇത്തവണ മുഖ്യമന്ത്രിയുടേതാണ്. വകുപ്പ് വിഭജനത്തിന് പിന്നാലെ ഈ വകുപ്പ് സിപിഎം തിരിച്ചെടുത്തതും വിവാദമായിരുന്നു.
അതേസമയം ഈ വിഷയത്തില്‍ വിശദീകരണവുമായി സി.പി.എം രംഗത്തെത്തി. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ന്യൂനപക്ഷമെന്നാല്‍ മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ചേര്‍ന്നതാണ്. സ്ഥിരമായി ഒരു വിഭാഗത്തിനുതന്നെ ഈ വകുപ്പ് നല്‍കുന്നതില്‍ മറുവിഭാഗത്തിനുള്ള അതൃപ്തി കൂടി പരിഗണിച്ചാണ് തീരുമാനമെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി.
Post Your Comments