തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞു. മന്ത്രിമാര്‍ക്ക് വകുപ്പുകളുമായി. എന്നാല്‍ മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വാഹനങ്ങളെ കുറിച്ചും വാഹന നമ്പറിനെ കുറിച്ചുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. 13-ാം നമ്പര്‍ വാഹനം ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ് ഇതിന് കാരണം. സാധാരണ മന്ത്രിമാര്‍ അന്ധവിശ്വാസം കാരണം ഏറ്റെടുക്കാത്ത നമ്പറാണ് 13. രാശിയില്ലാത്ത നമ്പറാണത്രെ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞയ്ക്ക് എല്ലാ മന്ത്രിമാരും എത്തിയത് സ്വകാര്യ വാഹനങ്ങളിലാണ്. എന്നാല്‍ സത്യപ്രതിജ്ഞ കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്റ്റേറ്റ് കാര്‍ റെഡിയായിരുന്നു. ഓരോ മന്ത്രിമാരും അവര്‍ക്ക് നിശ്ചയിച്ച നമ്പര്‍ വാഹനങ്ങളില്‍ കയറി.
മന്ത്രിമാര്‍ക്ക് വാഹനങ്ങളുടെ നമ്പര്‍ നല്‍കുന്നത് പൊതുഭരണ വകുപ്പാണ്. ടൂറിസം വകുപ്പാണ് വാഹനങ്ങള്‍ കൈമാറുക. ഇത്തവണ ടൂറിസം വകുപ്പ് കൈമാറിയ വാഹനങ്ങളില്‍ 13-ാം നമ്പര്‍ ഇല്ലായിരുന്നു. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കാമെന്നാണ് തീരുമാനിച്ചത്. 2016ല്‍ ധനമന്ത്രി തോമസ് ഐസക് നമ്പര്‍ 13 ചോദിച്ചുവാങ്ങുകയാണ് ചെയ്തത്. ഏറ്റെടുക്കാന്‍ ഭയക്കുന്ന മന്‍മോഹന്‍ ബംഗ്ലാവും അദ്ദേഹം ചോദിച്ചുവാങ്ങിയിരുന്നു. ഇത്തവണ അദ്ദേഹം മല്‍സരിച്ചില്ല. തുടര്‍ന്നാണ് ആര്‍ക്ക് കിട്ടുമെന്ന ചര്‍ച്ച വന്നത്.
2011 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ നമ്പര്‍ 13 വാഹനം ഏറ്റെടുക്കാന്‍ ആളുണ്ടായിരുന്നില്ല. 2006 ല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയാണ് നമ്പര്‍ 13 വാഹനം ഏറ്റെടുത്തത്. നമ്പര്‍ 13 കിട്ടുന്നവര്‍ക്ക് രാശിയില്ല എന്നാണ് അന്ധവിശ്വാസം.
Post Your Comments