Latest NewsNewsIndia

ഇന്ത്യയെ അപമാനിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി

'ഒരു രാജ്യത്തിന്റെ പേരും കോവിഡിനൊപ്പം കൂട്ടിച്ചേര്‍ത്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതാണ്'

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. കോവിഡിന്റെ പുതിയ വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്ന് വിശേഷിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയെ അപമാനിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.

‘കൊറോണ വൈറസിനെ ഇന്ത്യന്‍ കൊറോണയെന്നാണ് കമല്‍നാഥ് വിശേഷിപ്പിക്കുന്നത്. മറ്റ് കോണ്‍ഗ്രസ് നേതാക്കളും സമാനമായ പ്രതികരണങ്ങളാണ് നടത്തുന്നത്. എന്നാല്‍ ഒരു രാജ്യത്തിന്റെ പേരും കോവിഡിനൊപ്പം കൂട്ടിച്ചേര്‍ത്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ വ്യക്തമാക്കിയതാണ്’. പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.

കൊവാക്‌സിന്‍ അവതരിപ്പിച്ചപ്പോള്‍ അത് ബിജെപിയുടെ വാക്‌സിനാണെന്നാണ് കോണ്‍ഗ്രസ് പറഞ്ഞതെന്ന് ജാവ്‌ദേക്കര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കൊവാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞു. ഇതിലൂടെയെല്ലാം കോണ്‍ഗ്രസ് ഇന്ത്യയെ മാത്രമല്ല, കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെയും ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണെന്നും പ്രകാശ് ജാവ്‌ദേക്കര്‍ വിമര്‍ശിച്ചു.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയും വരെ ഇന്ത്യന്‍ വകഭേദത്തെ ഭയക്കുന്നുവെന്ന് കമല്‍നാഥ് പറഞ്ഞിരുന്നു. ചൈനീസ് കൊറോണയില്‍ നിന്നാണ് തുടക്കമെങ്കിലും ഇന്ന് അത് ഇന്ത്യന്‍ കൊറോണയായി മാറിയിരിക്കുന്നു. ശാസ്ത്രജ്ഞര്‍ പോലും പുതിയ വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്നാണ് വിശേഷിപ്പിക്കുന്നതെന്നും ബിജെപിക്കാര്‍ മാത്രമാണ് ഇത് അംഗീകരിക്കാത്തതെന്നുമായിരുന്നു കമല്‍നാഥിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button