വളരെ പെട്ടെന്നു തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ ഐശ്വര്യയുടെ ആദ്യ ചിത്രം ‘ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള’ആയിരുന്നു. പിന്നീട് ആഷിക് അബു സംവിധാനം ചെയ്ത മായാനദിയിലൂടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കൂട്ടൂര്‍ക്കടവ്, ബ്രദേഴ്സ് ഡെ എന്ന ചിത്രങ്ങളിലെ പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഐശ്വര്യ.
വലിയ രണ്ടു സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഐശ്വര്യ ലക്ഷ്മി. ധനുഷ് – കാർത്തിക് സുബ്ബരാജ് ടീമിനൊപ്പം ഐശ്വര്യ കൈകോർക്കുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസിന് ഒരുങ്ങുകയാണ്. ഒപ്പം മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലേക്ക് സ്വപ്നസമാനമായ ഒരു അവസരം ലഭിച്ചതിന്റെ സന്തോഷവും ഐശ്വര്യ പങ്കുവെയ്ക്കുന്നു. ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ തന്റെ സിനിമയെ കുറിച്ച് വാചാലയായത്.
‘വളരെ മാജിക്കൽ ആയൊരു അനുഭവമാണിത്. ഒന്നരമാസത്തോളം ഞാൻ പൊന്നിയിൽ സെൽവന്റെ സെറ്റിൽ ചെലവഴിച്ചു. ആദ്യ മീറ്റിംഗിന് വേണ്ടി മണി സാർ എന്നെ വിളിച്ചപ്പോൾ മുതൽ തന്നെ ഞാൻ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഞാനിപ്പോൾ ചിത്രത്തിന്റെ അഞ്ചാമത്തെ, അവസാനത്തെ പാർട്ടിലാണ് നിൽക്കുന്നതെന്നത് അഭിമാനത്തോടെ തന്നെ പറയാനാവും’. ഐശ്വര്യ പറഞ്ഞു.
‘ജഗമേ തന്തിര’ത്തിന് വേണ്ടി കൂട്ടിയ ശരീരഭാരം അൽപ്പമൊന്നു കുറയ്ക്കുകയല്ലാതെ ഈ സിനിമയ്ക്ക് വേണ്ടി അധികമൊന്നും ചെയ്യേണ്ടി വന്നില്ല. നീന്തലും ഭരതനാട്യവുമൊക്കെയായി തിരക്കേറിയ രണ്ടു മാസങ്ങളായിരുന്നു അത്, പക്ഷേ ഞാനത് ആസ്വദിച്ചു.’ഐശ്വര്യ പറഞ്ഞു.
‘കോവിഡ് രണ്ടാം തരംഗമെത്തിയതോടെ ഷൂട്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മണി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണ്. ഇതിനുശേഷം അഭിനയം നിർത്തേണ്ടി വന്നാലും എന്നെന്നും ഞാൻ സന്തോഷവതിയായിരിക്കും. എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും ഇതു സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല,’ ഐശ്വര്യ പറഞ്ഞു.
Post Your Comments