കൊല്ലം : രേഖകള്‍ പരിശോധിക്കാതെ കൊല്ലം ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറിനല്‍കിയതിനെ തുടര്‍ന്ന് ആളുമാറി സംസ്കാരം നടത്തി. കിളികൊല്ലൂര്‍ കന്നിമേല്‍ചേരി കണിയാം പറമ്പിൽ ശ്രീനിവാസന്റെ (75) മൃതദേഹമാണ് ആശുപത്രി അധികൃതരുടെ വീഴ്ച കാരണം കൊല്ലം കച്ചേരി പൂത്താലില്‍ വീട്ടില്‍ സുകുമാരന്റെ (78) ബന്ധുക്കള്‍ കൊണ്ടുപോയി സംസ്കരിച്ചത്.
Read Also : ഇന്ധനവില വീണ്ടും വര്‍ധിച്ചു ; സംസ്ഥാനത്ത് പെട്രോൾ വില 95 കടന്നു
കൊവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയിലായിരുന്നു ശ്രീനിവാസന്‍. അസുഖം മൂര്‍ച്ഛിച്ചതോടെ ബുധനാഴ്ച വൈകിട്ട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. മോര്‍ച്ചറിയിലെ നാലാം നമ്പർ ബ്ലോക്കില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെ ബന്ധുക്കള്‍ ഏറ്റുവാങ്ങാനെത്തി. രജിസ്റ്ററിലെ രേഖകള്‍ പ്രകാരം ശ്രിനിവാസന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ പരിശോധിച്ചപ്പോള്‍ കാലിയായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള പരിശോധനയില്‍ സുകുമാരന്റെ മൃതദേഹം അധികമായി കണ്ടെത്തിയതോടെ പിഴവ് സംഭവിച്ചെന്ന് വ്യക്തമാവുകയായിരുന്നു.
മൃതദേഹം മാറിനല്‍കിയെന്ന് സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ സുകുമാരന്റെ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും മുളങ്കാടകം ശ്മശാനത്തില്‍ സംസ്കാരം നടത്തിയിരുന്നു. പിന്നീട് ആശുപത്രി അധികൃതര്‍ ഇടപെട്ട് ശ്മശാനത്തില്‍ നിന്ന് ശ്രീനിവാസന്റെ ചിതാഭസ്മം ബന്ധുക്കള്‍ക്ക് വാങ്ങിനല്‍കി.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു ശ്രീനിവാസന്റെ ബന്ധുക്കൾ ജില്ലാ കലക്ടർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി.
Post Your Comments